മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ചൂണ്ടിക്കാട്ടി ഉപതെരഞ്ഞെടുപ്പ് നീട്ടുന്നത് ന്യായമല്ലെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും ചൂണ്ടിക്കാട്ടി ഉപതെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട് തള്ളി ബോംബെ ഹൈകോടതി.
ബി.ജെ.പി എം.പി ഗിരീഷ് ബാപ്പട്ട് അന്തരിച്ചിട്ട് ഒമ്പത് മാസമായിട്ടും പുണെ ലോക്സഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താത്തതിന് എതിരെ സുഘോഷ് ജോഷി എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ പ്രതികരണം. മാർച്ച് 29നാണ് ബാപ്പട്ട് മരിച്ചത്. ജനപ്രതിനിധി മരിച്ചാൽ ആറു മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് 1951ലെ ജനപ്രതിനിധി നിയമം. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നിലപാട്.
മറ്റു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെയും ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെയും തിരക്കിലാണെന്ന് പറഞ്ഞ കമീഷൻ പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എം.പിക്ക് ഏതാനും മാസങ്ങളുടെ കാലാവധിയെ ഉണ്ടാകൂ എന്നും പറഞ്ഞു. ഇത് ന്യായമല്ലെന്നും നിലനിൽക്കില്ലെന്നുമാണ് ജസ്റ്റിസുമാരായ ഗൗതം പട്ടേൽ, കമൽ ആർ. ഖാട്ട എന്നിവരുടെ ബെഞ്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ മണിപ്പൂരിലെതുപോലെ ആഭ്യന്തര പ്രശ്നങ്ങൾ മഹാരാഷ്ട്രക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒഴിവുവന്ന മറ്റു സ്ഥലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയെന്ന് ഹരജിക്കാരൻ കോടതിയിൽ പറഞ്ഞു. എവിടെയൊക്കെ തെരഞ്ഞെടുപ്പ് നടത്തിയെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെട്ട കോടതി വാദം ബുധനാഴ്ചത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.