ബംഗാളിലെ അതിർത്തി മേഖലകളും നാളെ ബൂത്തിലേക്ക്
text_fieldsചൊവ്വാഴ്ച നടക്കുന്ന മൂന്നാംഘട്ട തെരഞ്ഞെടുപ്പിൽ ബംഗാളിലെ ജനവിധി തൃണമൂൽ കോൺഗ്രസും (ടി.എം.സി) കോൺഗ്രസ്- സി.പി.എം സഖ്യവും സീറ്റുകൾ പ്രതീക്ഷിക്കുന്ന നാല് മണ്ഡലങ്ങളിൽ. മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന, ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മുർഷിദാബാദ്, ജംഗിപ്പൂർ, മാൾഡ നോർത്ത്, മാൾഡ സൗത്ത് മണ്ഡലങ്ങളിലാണ് മൂന്നാംഘട്ടത്തിലെ തെരഞ്ഞെടുപ്പ്.
ഒരുകാലത്ത് കോൺഗ്രസ് കോട്ടയായിരുന്ന മണ്ഡലങ്ങളാണ് ഇവ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുർഷിദാബാദും ജംഗിപ്പൂരും ടി.എം.സി പിടിച്ചെടുത്തപ്പോൾ മാൾഡ നോർത്ത് ബി.ജെ.പിക്ക് ലഭിച്ചു. മാൾഡ സൗത്ത് മാത്രമാണ് കോൺഗ്രസിന് നിലനിർത്താനായത്. വോട്ട് പിടിച്ചെങ്കിലും സി.പി.എമ്മിന് നേട്ടമൊന്നും ഉണ്ടാക്കാനായില്ല.
ഇത്തവണ സി.പി.എം അടക്കമുള്ള ഇടത് പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കുന്നതിനാൽ നേട്ടമുണ്ടാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ജംഗിപ്പൂർ, മാൾഡ സൗത്ത്, മാൾഡ നോർത്ത് മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. മുർഷിദാബാദ് സീറ്റ് സി.പി.എമ്മിനാണ്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം ആണ് ജനവിധി തേടുന്നത്.
കോൺഗ്രസിലെ ചൗധരി കുടുംബം കുത്തകയാക്കിവെച്ചിരിക്കുന്ന സീറ്റുകളാണ് മാൾഡ സൗത്തും നോർത്തും. കഴിഞ്ഞ തവണ ചൗധരി കുടുംബത്തിനകത്തെ പോരും ബി.ജെ.പി നടത്തിയ ധ്രുവീകരണ രാഷ്ട്രീയവും മാൾഡ നോർത്ത് നഷ്ടമാകാൻ കാരണമായി. സാഗർദഗി അസംബ്ലി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിലെ വിജയം ജംഗിപ്പൂരിൽ കോൺഗ്രസിന് ആത്മവിശ്വാസം പകരുന്നുണ്ട്.
കഴിഞ്ഞ തവണ സംസ്ഥാനത്ത് ഒറ്റ സീറ്റുപോലും ലഭിക്കാതിരുന്ന സി.പി.എം ഇത്തവണ പാർട്ടി സെക്രട്ടറി മത്സരിക്കുന്ന മുർഷിദാബാദിൽ വലിയ വിജയ പ്രതീക്ഷയിലാണ്. വിജയത്തിനായി പാർട്ടിയുടെ സർവ സന്നാഹവും മണ്ഡലത്തിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. താഴേത്തട്ടിലടക്കം സഖ്യം സജീവമായതും പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു.
നാല് സീറ്റും പിടിച്ചെടുക്കാനുള്ളള കഠിന പ്രയത്നത്തിലാണ് ടി.എം.സി. ഇതിനായി പാർട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത മാൾഡയിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം നിയന്ത്രിക്കുന്നത്. മൂന്നാം ഘട്ടത്തിൽ തെരഞ്ഞടുപ്പ് നടക്കുന്ന നാല് മണ്ഡലങ്ങളിലും 50 ശതമാനത്തിന് മുകളിലാണ് മുസ്ലിം ജനസംഖ്യ. സംസ്ഥാനത്ത് ബി.ജെ.പിയെ നേരിടാൻ മമതക്ക് മാത്രമേ സാധിക്കൂ എന്നതോന്നൽ മുസ്ലിം വിഭാഗത്തിൽ ശക്തമാണ്.
ഇത് വോട്ടാക്കാനുള്ള പ്രയത്നത്തിലാണ് ടി.എം.സി. പൗരത്വ വിഷയം ആയുധമാക്കിയാണ് മമതയുടെ പ്രചാരണം. കോൺഗ്രസ്-സി.പി.എം സഖ്യത്തിന് വോട്ട് ചെയ്യുന്നത് ബി.ജെ.പിയുടെ വിജയത്തിന് കാരണമാകുമെന്നാണ് മമത പ്രസംഗത്തിലെല്ലാം പറയുന്നത്. സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ പ്രതിമാസം നൽകുന്ന 1,000 രൂപയും തങ്ങളുടെ നേട്ടത്തിന് കാരണമാകുമെന്ന വിലയിരുത്തൽ ടി.എം.സിക്കുണ്ട്.
മുസ്ലിം വോട്ട് ടി.എം.സിക്കും സഖ്യത്തിനും ഭിന്നിക്കുമെന്നും ഹിന്ദുവോട്ടുകൾ ഏകീകരിക്കാനായാൽ രണ്ട് മണ്ഡലങ്ങളിൽ വിജയിക്കാനാകുമെന്നുമാണ് ബി.ജെ.പി കണക്കുകൂട്ടൽ. അധികാരത്തിൽ എത്തിയാൽ കുടിയേറിയവരെ പുറത്താക്കുമെന്ന് മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള പ്രസംഗമാണ് ബി.ജെ.പി നിരന്തരം നടത്തുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അടക്കമുള്ളവർ ഈ മണ്ഡലങ്ങളിലെത്തി നടത്തിയ പ്രസംഗവും ഇത്തരത്തിലായിരുന്നു. വോട്ടുകൾ ഭിന്നിച്ച് ബി.ജെ.പിക്ക് വിജയം ഉണ്ടാകാതിരിക്കാൻ മുസ്ലിം സംഘടനകളും കാമ്പയിൻ നടത്തുന്നുണ്ട്. ബി.ജെ.പിക്കെതിരെ വിജയസാധ്യതയുള്ള പാർട്ടിക്ക് വോട്ട് നൽകാനാണ് സംഘടനകളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.