ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം
text_fieldsന്യൂഡൽഹി: മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ചയാണ് ബജറ്റ് അവതരിപ്പിക്കുക. തുടർച്ചയായി ഏഴുതവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന റെക്കോഡ് അതോടെ നിർമലക്ക് സ്വന്തമാകും. ലോക്സഭ, രാജ്യസഭ സെക്രട്ടേറിയറ്റുകൾ നൽകുന്ന വിവര പ്രകാരം 2024ലെ ധനബിൽ അടക്കം ആറ് ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് കേന്ദ്ര പാർലമെന്ററി മന്ത്രി കിരൺ റിജിജു വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്ന് പാർലമെന്റിൽ നടക്കും.
ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷമില്ലാതായതോടെ സഖ്യകക്ഷികളുടെ പിന്തുണയോടെ ഭരിക്കുന്ന മൂന്നാം മോദി സർക്കാറിന്റെ കർമപദ്ധതികളിലെ മുൻഗണനക്രമങ്ങൾ ബജറ്റ് നിർണയിക്കും. ബജറ്റും ധനബില്ലും ചർച്ച ചെയ്ത് പാസാക്കുന്നതിനൊപ്പം കോഫി (പ്രോത്സാഹന വികസന) ബിൽ, റബർ (പ്രോത്സാഹന വികസന) ബിൽ, ദുരന്ത നിവാരണ ഭേദഗതി ബിൽ, ബോയിലേഴ്സ് ബിൽ, ഭാരതീയ വായുയാൻ വിധേയക് എന്നിവയാണ് സമ്മേളനത്തിൽ പാസാക്കാനായി ഇരുസഭകളുടെയും മേശപ്പുറത്ത് വെക്കുന്നത്.
ദുരന്ത നിവാരണ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ പങ്കാളിത്തം നിർവചിക്കുന്നതാണ് ദുരന്ത നിവാരണ ഭേദഗതി ബില്ലെന്ന് പാർലമെന്റ് ബുള്ളറ്റിൻ വ്യക്തമാക്കി. ബോയ്ലറുകളിലെ അപകടം മുൻനിർത്തി ബ്രിട്ടീഷ് കാലത്ത് തൊഴിലാളികളെ പരിഗണിച്ചുണ്ടാക്കിയ നിയമം പൊളിച്ചെഴുതുന്നതാണ് ബോയിലേഴ്സ് ബിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.