മൂന്നു മാസമായി കാർഗോ ബാർജ് വരുന്നില്ല; ചെറുദ്വീപുകൾ ദുരിതത്തിൽ
text_fieldsകൊച്ചി: കാർഗോ ബാർജുകൾ മൂന്നുമാസമായി വരാത്തതിനാൽ ദുരിതത്തിലായി ലക്ഷദ്വീപിലെ ചെത്ത്ലത്ത്, കിൽത്താൻ, ബിത്ര ദ്വീപുകൾ. ഇന്ധന വിതരണവുമായി ബന്ധപ്പെട്ട ബാർജുകൾ മാത്രമാണ് മാസങ്ങളായി ഈ ചെറുദ്വീപുകളിലേക്ക് എത്തുന്നതെന്നും അവശ്യസാധനങ്ങൾക്ക് ജനം ബുദ്ധിമുട്ടുകയാണെന്നും ലക്ഷദ്വീപ് സംയുക്ത ജനകീയ മുന്നണിപ്രവർത്തകർ പറഞ്ഞു. പ്രതിസന്ധി വിശദീകരിച്ച് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോദ പട്ടേലിന് നിവേദനം നൽകിയതായും അവർ വ്യക്തമാക്കി.
ടൗട്ടെ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം സംഭവിച്ച സ്ഥലങ്ങളാണ് ഈ ദ്വീപുകൾ. നിരവധി മത്സ്യബന്ധന ബോട്ടുകളും വീടുകളും പൂർണമായും ഭാഗികമായും ഇവിടെ തകർന്നിരുന്നു. കാർഗോ ബാർജുകൾ സർവിസ് നടത്താത്തതിനാൽ ബോട്ടുകളുടെ അറ്റകുറ്റപ്പണിക്കുവേണ്ട സാമഗ്രികൾ ദ്വീപുകളിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബറിൽ വീണ്ടും മത്സ്യബന്ധനം സജീവമാകുമ്പോൾ തങ്ങളുടെ ബോട്ടുകൾ സഞ്ചാരയോഗ്യമാക്കേണ്ടതുണ്ടെന്നും എത്രയും വേഗം ഇടപെടലുണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.
നിർമാണസാമഗ്രികളുടെ അപര്യാപ്തതയാണ് മറ്റൊരു പ്രധാന പ്രശ്നം. സാധനങ്ങൾ ലഭിക്കാതായതോടെ വീട് നിർമാണപ്രവർത്തനങ്ങൾ നിലച്ചു. മക്കളുടെ വിവാഹത്തിന് മുന്നോടിയായി വീടുപണി ആരംഭിച്ചവർ പാതിവഴിയിൽ നിർമാണം നിർത്തേണ്ട അവസ്ഥയിലാണ്. ഇതോടെ വിവാഹങ്ങളും നീണ്ടുപോകുന്ന സാഹചര്യമാണ്. സിമൻറ്, ടൈൽസ് തുടങ്ങിയ ഒരുതരത്തിെല വസ്തുക്കളും കിട്ടാതെയായെന്നും അവർ വ്യക്തമാക്കി.
ലക്ഷദ്വീപിലെ വെറ്ററിനറി യൂനിറ്റുകൾ കാലിത്തീറ്റ ഉൽപാദനം നിർത്തിവെച്ചിരിക്കുകയാണ്. ബാർജിൽ കാലിത്തീറ്റ എത്തിച്ചാൽ മാത്രമെ കന്നുകാലികൾക്ക് നൽകാൻ കഴിയൂ. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് ദ്വീപുവാസികളെയും വ്യാപാരികളെയും രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. കാർഗോ ബാർജുകൾ വരാത്തതിെൻറ കാരണം ഇനിയും അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നും ചെറുദ്വീപുകളോടുള്ള അവഗണനയായാണ് ഇത് മനസ്സിലാക്കുന്നതെന്നും സംയുക്ത ജനകീയ മുന്നണി ചെയർമാൻ സി.പി. സബൂർ ഹുസൈൻ 'മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.