കൂറുമാറൂ, നിരപരാധികളാകൂ; അഴിമതി ആരോപണം നേരിട്ട 25 പ്രതിപക്ഷ നേതാക്കൾ ബി.ജെ.പിയിൽ എത്തിയതോടെ കേസ് ആവിയായി
text_fieldsന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിൽവന്ന 2014 മുതൽ അഴിമതി ആരോപണത്തിൽ കേന്ദ്ര ഏജൻസികളിൽനിന്ന് നടപടി നേരിട്ട മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രതിപക്ഷത്തെ 25 പ്രമുഖ നേതാക്കളാണ് ബി.ജെ.പിയിൽ ചേർന്നത്. ഇതോടെ ഇവർക്കെതിരെയുള്ള അന്വേഷണം നിലക്കുകയും ചില കേസുകൾ റദ്ദാക്കുകയും ചെയ്തു.
കോൺഗ്രസിൽ നിന്നും 10 നേതാക്കളാണ് ഇത്തരത്തിൽ ബി.ജെ.പിയിൽ ചേർന്നത്. എൻ.സി.പി, ശിവസേന പാർട്ടികളിൽനിന്ന് നാലുപേരും തൃണമൂൽ കോൺഗ്രസിൽ നിന്ന് മൂന്നും ടി.ഡി.പിയിൽനിന്ന് രണ്ടും സമാജ്‍വാദി പാർട്ടിയിൽനിന്നും വൈ.എസ്.ആർ.സി.പിയിൽനിന്നും ഓരോരുത്തരുമാണ് കേസ് ഭയന്ന് ബി.ജെ.പിയിൽ എത്തിയത്. ബി.ജെ.പിയിലെത്തിയ നേതാക്കൾക്കെതിരെ മൂന്ന് കേസുകൾ കേന്ദ്ര ഏജൻസികൾ അവസാനിപ്പിച്ചു. 20 കേസിൽ അന്വേഷണം നിലച്ച അവസ്ഥയിലുമാണ്.
എൻ.സി.പി നേതാക്കളായ അജിത് പവാറും പ്രഫുൽ പട്ടേലും നേരത്തെ കേസ് നേരിട്ടവരായിരുന്നു. ഇരുവരും എൻ.ഡി.എയുടെ ഭാഗമായതോടെ അന്വേഷണ ഏജൻസികൾ കേസുകൾ അവസാനിപ്പിച്ചു. നാരദ സ്റ്റിങ് ഓപറേഷൻ കേസിൽ, തൃണമൂൽകോൺഗ്രസ് നേതാവായിരുന്ന സുവേന്ദു അധികാരിയെ പ്രോസിക്യൂട്ട് ചെയ്യാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതിക്കായി 2019ൽ സി.ബി.ഐ കത്ത് നൽകിയിരുന്നു. 2020ൽ സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നതോടെ തുടർനടപടി അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. നിലവിൽ പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരായ സംഘ്പരിവാർ പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്നതും സുവേന്ദുവാണ്.
കോൺഗ്രസ് വിട്ട അസം മുഖ്യമന്ത്രി ഹേമന്ത ബിശ്വ ശർമ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാൻ എന്നിവർക്കെതിരായ കേസുകളും എങ്ങുമെത്താത്ത നിലയിലാണ്. ശാരദ ചിട്ടി ഫണ്ട് അഴിമതിക്കേസിൽ 2014ൽ സി.ബി.ഐ ചോദ്യം ചെയ്യലും റെയ്ഡും നേരിട്ട ഹേമന്ത ബിശ്വ ശർമ 2015ൽ ബി.ജെ.പിയിൽ ചേർന്നതിന് ശേഷമാണ് കേസ് നിലച്ചത്. ആദർശ് ഹൗസിങ് കേസിൽ സി.ബി.ഐ, ഇ.ഡി കേസ് നേരിടുന്നതിനിടെയാണ് അശോക് ചവാൻ കഴിഞ്ഞ മാസം ബി.ജെ.പിയിൽ ചേർന്നത്. കേന്ദ്ര ഏജൻസികളെ ഭയന്ന് ജയിലിൽ പോകാനാകില്ലെന്ന് സോണിയ ഗാന്ധിയോട് കരഞ്ഞുപറഞ്ഞ് ഒരു കോൺഗ്രസ് നേതാവ് പാർട്ടി വിട്ടെന്ന് അശോക് ചവാൻ ബി.ജെ.പിയിൽ ചേർന്നതിനുപിന്നാലെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ആ പ്രസ്‍താവനയെ ശരിവെക്കുന്നതാണ് പിന്നീട് കേസിലുണ്ടായ നടപടികളത്രയും.
മുൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ മകൻ രനീന്ദർ സിങ്ങിന്റെ മരുമകൻ ഗുർപാൽ സിങ്ങിനെതിരെ രജിസ്റ്റർ ചെയ്ത കേസിൽ 2018ൽ സി.ബി.ഐയും ഫെമ ലംഘനവുമായി ബന്ധപ്പെട്ട് 2020ൽ മകൻ രനീന്ദറിനെ ഇ.ഡിയും ചോദ്യം ചെയ്തു. പിന്നാലെ കോൺഗ്രസ് വിട്ട അമരീന്ദർ ബി.ജെ.പിയിൽ ചേർന്നു. ഇതോടെ, ആ കേസും ആവിയായ മട്ടിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.