മുസ്‍ലിം യുവാക്കളെ ചുട്ടുകൊന്ന കേസ്; പശുരക്ഷാ ഗുണ്ടാ തലവൻ മോനു മനേസറിനെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കി രാജസ്ഥാൻ പൊലീസ്
text_fieldsഹരിയാനയിൽ പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതിയെ പ്രതിപട്ടികയിൽ നിന്നൊഴിവാക്കി രാജസ്ഥാൻ പൊലീസ്. ബജ്‌റംഗൾ നേതാവ് മോനു മനേസറിന്റെ ചിത്രം പ്രതികളുടെ പുറത്ത് വിട്ട ചിത്രങ്ങളിലില്ല. കൊലപാതകത്തിൽ മോനുവിന് പങ്കുള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇയാൾ ഇപ്പോഴും ഒളിവിലാണ്. അതേസമയം, മോനുവിനെ അറസ്റ്റ് ചെയ്യാൻ രാജസ്ഥാൻ പൊലീസ് ഹരിയാനയിൽ വന്നാൽ കാലും കയ്യും തല്ലിയൊടിക്കുമെന്ന് ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ ഭീഷണി മുഴക്കിയിരുന്നു. ഇതാവാം രാജസ്ഥാൻ പിൻമാറാൻ കാരണം എന്ന് കരുതുന്നു.
ഭരത്പൂരിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് എട്ട് പേരുടെ ഫോട്ടോകൾ സഹിതം പൊലീസ് പുറത്തുവിട്ടത്. ഇവരിൽ രണ്ടുപേർ നുഹിൽ നിന്നുള്ളവരും ആറുപേർ ഹരിയാനയിലെ മറ്റ് ജില്ലകളിൽ നിന്നുള്ളവരുമാണ്. പൊലീസ് റിമാൻഡിലുള്ള റിങ്കു സൈനി കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ശ്രീകാന്ത്, കാലു, കിഷോർ, ഭിവാനി, ശശികാന്ത്, വികാസ്, പലുവാസ്, ഭിവാനി എന്നിവരെയാണ് അന്വേഷിക്കുന്നതെന്ന് രാജസ്ഥാൻ പൊലീസ് എ.ഡി.ജി.പി ക്രൈം ദിനേശ് എം.എൻ പറഞ്ഞു.
കൊലപാതകം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പിടിയിലായത് ഒരാൾ മാത്രമാണ്. പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അലംഭാവമെന്ന് ബന്ധുക്കൾ ആരോപിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് രാജസ്ഥാൻ സ്വദേശികളായ ജുനൈദ്, നസീർ എന്നിവരെ ഹരിയാനയിലെ ഭീവാനിയിൽ വെച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച് കൊന്നത്. കേസിലെ ഒമ്പത് പ്രതികളിൽ ഒരാൾ മാത്രമാണ് ഇതുവരെ പിടിയിലായത്. അന്വേഷണത്തിൽ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന ആരോപണം ശക്തമാണ്. എന്നാൽ പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി അന്വേഷണസംഘം അറിയിച്ചു.
രാജസ്ഥാനിലെ ഭരത്പൂരിൽനിന്ന് തട്ടിക്കൊണ്ടുപോയ നാസിർ (27), ജുനൈദ് (35) എന്നിവരെയാണ് ഹരിയാനയിലെ ഭീവാനിയിൽ ചുട്ടുകൊന്ന നിലയിൽ കണ്ടെത്തിയത്. ബജ്റംഗദൾ പ്രവർത്തകരായ പശു സംരക്ഷക ഗുണ്ടകളാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബത്തിൻറെ ആരോപണം. മർദനമേറ്റ് അവശരായ യുവാക്കളെ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് അവരെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ലെന്നും അറസ്റ്റിലായ റിങ്കു പൊലീസിന് മൊഴി നൽകിയിരുന്നു. അതിനുശേഷമാണ് അവർ മരിച്ചതെന്നും തുടർന്ന് പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് റിങ്കു മൊഴി നൽകിയത്. ഹരിയാനയിലെ പശു രക്ഷാ ഗുണ്ടാ തലവൻ കൂടിയാണ് ബജ്റംഗ്ദൾ നേതാവ് മോനു മനേസർ. പശുവിന്റെ പേരിൽ യാത്ര ചെയ്യുന്നവരെ ജീപ്പിൽ തോക്കുകളുമായി പിന്തുടർന്ന് വാഹനങ്ങൾ വെടിവെച്ച് നിർത്തി യാത്രക്കാരെ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ രീതി. ഇത് ചിത്രീകരിച്ച് തന്റെ യൂ ട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കാനും മനേസറിന് മടിയില്ല. ഹരിയാന പൊലീസിന്റെ പിന്തുണയും ആക്രമണങ്ങൾക്ക് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.