മംഗളൂരുവിൽ കരാറുകാരന്റെ വീട് കൊള്ളയടിച്ച കേസ്; മലയാളികളുൾപ്പെടെ 10 പേർ അറസ്റ്റിൽ
text_fieldsമംഗളൂരു: മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉള്ളൈബട്ടുവിൽ കരാറുകാരനെയും കുടുംബത്തെയും കത്തിമുനയിൽ നിർത്തി വീട് കൊള്ളയടിച്ച കേസിൽ മലയാളികളുൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കാസര്‍കോട് ഉപ്പള സ്വദേശി ബാലകൃഷ്ണ ഷെട്ടി (48), തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി ജി.ജോണ്‍ ബോസ്കോ ബിജു (41), തൃശൂര്‍ മുകുന്ദപുരം സ്വദേശി സതീഷ് ബാബു (44), കൊടകര സ്വദേശി ഷിജോ ദേവസി (38), തൃശൂർ കൂര്‍ക്കഞ്ചരി ഷാക്കിര്‍ ഹുസൈന് (56), കുമാരനെല്ലൂര്‍ സ്വദേശി എം.എം.സജീഷ് (32), കടുപ്പശ്ശേരി സ്വദേശി പി.കെ. വിനോജ് (38), മംഗളൂരു നീർമാർഗ സ്വദേശികളായ വസന്ത് കുമാര്‍ പൂജാരി (42), രമേഷ് പൂജാരി (42), ബണ്ട്വാളിലെ റെയ്മണ്ട് ഡിസൂസ (47) എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ മാസം 21നാണ് കോണ്ട്രാക്ടര് പത്മനാഭ കോട്ട്യന്റെ വീട്ടിൽ കവർച്ച നടന്നത്. സംഭവദിവസം വൈകീട്ട് ആറരയോടെ വീട്ടിലെത്തിയ പത്മനാഭയുടെ കാലിൽ മാസ്ക് ധാരികൾ കുത്തുകയായിരുന്നു. അരമണിക്കൂറോളം നടന്ന മൽപ്പിടിത്തത്തിനൊടുവിൽ പത്മനാഭയുടെ നിലവിളി കേട്ട് പുറത്തുവന്ന ഭാര്യക്കും മകനും നേരെ അക്രമികൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി.
ജീവന് കെഞ്ചിയ ഭാര്യ ആഭരണങ്ങൾ ഊരി നൽകി, അലമാരയുടെ താക്കോലുകളും കൈമാറി. ഓടിയെത്തിയ മൂന്ന് തൊഴിലാളികളെയും കവർച്ചക്കാർ കത്തിവീശി തടഞ്ഞു. മുക്കാൽ മണിക്കൂറിനകം ആഭരണങ്ങളും പണവും ഉൾപ്പെടെ ഒമ്പത് ലക്ഷം രൂപ കവർച്ച ചെയ്തു.
മതിലിലും ഗേറ്റിലും സി.സി.ടി.വി കാമറയുണ്ട്. ഇതിന്റെ ഹാർഡ് ഡിസ്ക് എന്ന് കരുതി വെപ്രാളത്തിൽ വൈഫൈ സംവിധാന ഉപകരണമാണ് കവർച്ചക്കാർ കേടുവരുത്തിയത്. മാസ്ക് ധരിക്കാത്ത ഒരാളാണ് നിർദേശങ്ങൾ നൽകിയത്. ഹിന്ദിയാണ് സംസാരിച്ചതെങ്കിലും അത് ഹിന്ദിക്കാരുടെ ശൈലിയായിരുന്നില്ലെന്ന് പത്മനാഭയുടെ മൊഴി അടിസ്ഥാനമാക്കി പൊലീസ് പറഞ്ഞു.
300 കോടി നിറക്കാൻ ചാക്കുമായി എത്തിയ കേരള സംഘത്തിന് കിട്ടിയത് ഒമ്പത് ലക്ഷം
കവർച്ച ആശയം ഡ്രൈവറുടേത്
മംഗളൂരു: പൊതുമരാമത്ത് കരാറുകാരൻ പത്മനാഭ കൊട്ട്യന്റെ വീട് കവർച്ച ആസൂത്രണം ചെയ്ത പ്രാദേശിക സംഘം കേരളത്തിൽനിന്ന് സഹായം ലഭിക്കാൻ പ്രയോഗിച്ചത് 300 കോടിയുടെ നിക്ഷേപം ഉണ്ടെന്ന പ്രലോഭനം. കെട്ടുതാലിയും ആഭരണങ്ങളുമുൾപ്പെടെ അലമാരകൾ മൊത്തം പരതിയ ശേഷം ലഭിച്ചത് ഒമ്പത് ലക്ഷത്തിൽ താഴെ രൂപ.
നാലുവർഷം പത്മനാഭയുടെ ഡ്രൈവറായിരുന്ന പഞ്ചായത്ത് അംഗം വസന്ത് പൂജാരിയുടേതാണ് കവർച്ച ആശയം. ഇയാൾ ബേക്കറി ജീവനക്കാരനായ രമേഷ് പൂജാരിയുമായി ആലോചിച്ച് പദ്ധതി തയാറാക്കി. കൽപണിക്കാരൻ ഡിസൂസയും ബാലകൃഷ്ണയും ചേർന്നപ്പോൾ നാലംഗ ടീമായി. ഇവർ കേരള സംഘവുമായി ബന്ധപ്പെട്ടു. എട്ട് മാസം മുമ്പായിരുന്നു ആസൂത്രണം.
കരാറുകാരന്റെ വീടിന്റേയും പരിസരത്തിന്റേയും മാപ്പ് തയാറാക്കി നൽകാനായിരുന്നു കേരള ടീമിന്റെ ആദ്യ നിർദേശം. മംഗളൂരുവിലെത്തി ലോഡ്ജിൽ മുറിയെടുത്തു താമസിച്ച കേരള ടീം കഴിഞ്ഞ മാസം 18ന് നടത്തിയ കവർച്ചശ്രമം പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ ശ്രമം ലക്ഷ്യംകണ്ടു.
പണവും ആഭരണങ്ങളും നിറക്കാൻ 20 ചാക്കുകളും രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കാമെന്ന് കരുതിയ കോടികൾ എടുക്കാൻ തറയിലെ ടൈലുകൾ ഇളക്കി മാറ്റാനുള്ള ഉപകരണങ്ങളും കേരളത്തിൽനിന്നുള്ള സംഘം കരുതിയിരുന്നുവെന്ന് സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ വെളിപ്പെടുത്തി. നാലോ അഞ്ചോ പേരെ ഇനിയും പിടികിട്ടാനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.