കേന്ദ്രത്തിന് എത്രയും കടം വാങ്ങാം; സംസ്ഥാനങ്ങൾക്ക് അനുമതി വേണം
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിന് പാർലമെന്റ് അംഗീകരിക്കുന്ന തുക എത്രയായാലും അത്രയും കടം വാങ്ങാമെന്നും എന്നാൽ, സംസ്ഥാനങ്ങൾക്ക് നിയമസഭകളുടെ അനുമതിക്കൊപ്പം കേന്ദ്ര സർക്കാറിന്റെ അനുവാദംകൂടി വേണമെന്നും കേരളത്തിന്റെ ഹരജിയിൽ കേന്ദ്രം സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
സാമ്പത്തിക ദുരിതത്തിൽ കേന്ദ്ര സർക്കാർ എല്ലാം വഹിച്ചുകൊള്ളുമെന്ന് കരുതുന്ന സംസ്ഥാന സർക്കാറുകൾ സാമ്പത്തിക സുസ്ഥിരതക്ക് കടുത്ത ഭീഷണിയാണ്. സംസ്ഥാനങ്ങളുടെ കടം കേന്ദ്രത്തിന്റെ കടത്തെ ദോഷകരമായി ബാധിക്കുമെന്നും ബ്രസീലും അർജന്റീനയും അതിന് ഉദാഹരണമാണെന്നും കേന്ദ്രം വ്യക്തമാക്കി.
പണവിതരണം നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണ്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തോട് കടബാധ്യതയുള്ളതിനാൽ മറ്റിടങ്ങളിൽനിന്ന് അവർ കടം വാങ്ങുന്നുണ്ടെങ്കിൽ കേന്ദ്രത്തിന്റെ അനുവാദം വാങ്ങണം. ധനകമീഷൻ ശിപാർശ പ്രകാരം സുതാര്യമായാണ് കടത്തിന് പരിധി നിശ്ചയിച്ചത്.
സംസ്ഥാനങ്ങളുടെ ചെലവും കടങ്ങളുമെല്ലാം ഇന്ത്യൻ ഭരണഘടനയുടെ 293(3), 293(4) അനുഛേദ പ്രകാരമാണ്. ആഭ്യന്തരവരുമാനത്തിന്റെ മൂന്ന് ശതമാനത്തിലധികം ആ സംസ്ഥാനം കടബാധ്യത വരുത്തരുതെന്ന് ധനകാര്യ കമീഷൻ നിശ്ചയിച്ചിട്ടുണ്ട്. സാമ്പത്തിക അച്ചടക്കമാണ് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് നിദാനം.
ഇന്ത്യയെപോലെ വികേന്ദ്രീകൃത ഫെഡറൽ സമ്പദ്ഘടനയിൽ സാമ്പത്തിക നയങ്ങളുടെ സുസ്ഥിരത വളരെ പ്രധാനമാണ്. ഭരണഘടനയുടെ 293(4) അനുഛേദം കേന്ദ്രത്തിന്റെ സാമ്പത്തിക അധികാരം സംരക്ഷിക്കാൻ മാത്രമുള്ളതല്ല. മറിച്ച് സൂക്ഷ്മതലത്തിൽ സാമ്പത്തിക സുസ്ഥിരത നോക്കാനുള്ളതും കൂടിയാണെന്നും കേന്ദ്രം വ്യക്തമാക്കി.
കേരളത്തിനെതിരെ കേന്ദ്രത്തിന്റെ ‘കുറ്റപത്രം’
1. കേരളത്തിന്റെ നിലവിലുള്ള കടബാധ്യത ഉയർന്ന തോതിൽ. 2021-22ൽ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 39 ശതമാനവും കടബാധ്യതയായപ്പോൾ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 19.98 ശതമാനവും കടബാധ്യതക്കുള്ള പലിശയൊടുക്കി.
2. പ്രോവിഡന്റ് ഫണ്ടിനുള്ള ബാധ്യത മാത്രം 10.70 ശതമാനം വരും.
3. 2021-22ൽ റവന്യൂ വരുമാനത്തിന്റെ 82.4 ശതമാനവും കേരളം ചെലവിട്ടു
4. സംസ്ഥാനങ്ങളുടെ ശരാശരി റവന്യൂ കമ്മി 0.46 ശതമാനമായപ്പോൾ കേരളത്തിന്റെ റവന്യൂ കമ്മി 2.41 ശതമാനത്തിൽനിന്ന് 3.17 ശതമാനമായി ഉയർന്നു
5. സംസ്ഥാനങ്ങളുടെ ശരാശരി ധനക്കമ്മി 2.80 ശതമാനത്തിൽ നിൽക്കുമ്പോൾ കേരളത്തിന്റെ ധനക്കമ്മി 4.94 ശതമാനം.
6. കേരളത്തിന്റെ മൂലധന ചെലവ് മൊത്തം ആഭ്യന്തര വരുമാനത്തിന്റെ 1.52 ശതമാനം മാത്രം. സംസ്ഥാനങ്ങളുടെ ശരാശരി 2.25 ശതമാനമുള്ളപ്പോഴാണിത്.
7. മൊത്തം ചെലവിന്റെ 13.76 ശതമാനമാണ് സംസ്ഥാനങ്ങളുടെ ശരാശരി മൂലധന ചെലവെങ്കിൽ കേരളത്തിനിത് 8.85 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.