ജമ്മു-കശ്മീരിനെ എപ്പോൾ സംസ്ഥാനമാക്കും എന്നു പറയാനാവില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിനെ എപ്പോൾ സംസ്ഥാനമാക്കുമെന്ന് കൃത്യമായി പറയാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു.
അതേസമയം, സംസ്ഥാന പദവി നൽകുന്നത് ജമ്മു-കശ്മീർ സാധാരണ നിലയിലേക്ക് എത്തുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ജമ്മു-കശ്മീരിന്റെ നിലവിലുള്ള കേന്ദ്ര ഭരണപ്രദേശ പദവി താൽക്കാലികമാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമീഷനാണ് തീരുമാനിക്കേണ്ടതെന്നും അതെപ്പോൾ നടത്താനും തയാറാണെന്നും മേത്ത കൂട്ടിച്ചേർത്തു.
2019ന് മുമ്പുള്ള ജമ്മു-കശ്മീർ സാഹചര്യം 370മായി ബന്ധപ്പെട്ട ഭരണഘടനാ പ്രശ്നം തീർപ്പാക്കുമ്പോൾ സുപ്രീംകോടതി പരിഗണിക്കില്ലെന്ന് മേഖല സാധാരണ നിലയിലേക്ക് വന്നുവെന്ന കേന്ദ്രത്തിന്റെ വാദത്തിന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മറുപടി നൽകി. ഏതു സമയത്തും ജമ്മു-കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ തയാറാണ്. സംസ്ഥാന, കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പഞ്ചായത്ത്, മുനിസിപ്പൽ, നിയമസഭാ തെരഞ്ഞെടുപ്പുകളാണ് അവിടെ നടക്കാനുള്ളത്. ലേയിലെ ഹിൽ െഡവലപ്മെന്റ് കൗൺസിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു.
കാർഗിലിലേത് ഈ മാസം നടക്കും. വോട്ടർ പട്ടിക പുതുക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. നല്ലൊരു ഭാഗത്തും കഴിഞ്ഞു. ചില ഭാഗങ്ങളിലേ ബാക്കിയുള്ളൂ. മേഖലയിൽ സ്ഥിരതയും പുരോഗതിയും കൈവരിക്കാനുള്ള നടപടികളിലാണ് കേന്ദ്ര സർക്കാർ.
2019ന് മുമ്പുള്ള സ്ഥിതിവിശേഷവുമായി തട്ടിച്ചുനോക്കുമ്പോൾ ഭീകരപ്രവർത്തനങ്ങൾ 42.5 ശതമാനവും നുഴഞ്ഞുകയറ്റം 90.20 ശതമാനവും ക്രമസമാധാന ലംഘനവും കല്ലേറും 92 ശതമാനവും സുരക്ഷ സേനയെ അപായത്തിലാക്കുന്ന സംഭവങ്ങർ 69.5 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ബന്ദും ഹർത്താലും പതിവായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് രണ്ടുമില്ല. 2022ൽ 1.8 കോടിയും 2023ൽ ഇതുവരെ ഒരു കോടിയും വിനോദ സഞ്ചാരികളെത്തി. ഇതെല്ലാം കേന്ദ്ര ഭരണപ്രദേശമാക്കിയതുകൊണ്ടു മാത്രമാണെന്നും മേത്ത അവകാശപ്പെട്ടു.
ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹരജികളിലെ വാദം കേൾക്കലിനിടെ സംസ്ഥാന പദവി എപ്പോൾ തിരിച്ചുനൽകുമെന്ന കേന്ദ്രനിലപാട് അറിയിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം ബോധിപ്പിച്ചത്.
ജമ്മു-കശ്മീർ സാധാരണ നിലയിലാക്കുന്നത് ബലപ്രയോഗത്തിലൂടെ -കപിൽ സിബൽ
ന്യൂഡൽഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശങ്ങളാക്കിയതോടെ മേഖല സാധാരണ നിലയിലേക്കായെന്ന വാദം ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഖണ്ഡിച്ചു. വീട്ടുതടങ്കലും ഇന്റർനെറ്റ് നിരോധനവും അടക്കമുള്ള ബലപ്രയോഗത്തിലൂടെയാണ് സാധാരണ നിലയാക്കിയെന്ന് അവകാശപ്പെടുന്നതെന്ന് സിബൽ കുറ്റപ്പെടുത്തി.
ജമ്മു-കശ്മീർ ഒന്നാകെ 144 പ്രഖ്യാപിച്ച് 5000 പേരെ വീട്ടുതടങ്കലിലാക്കിയാൽ പിന്നെ അവിടെ ബന്ദുണ്ടാവില്ലെന്നും ജനാധിപത്യത്തെ പരിഹസിക്കേണ്ടെന്നും സിബൽ പറഞ്ഞു. ജനങ്ങൾക്ക് ആശുപത്രിയിലേക്കു തന്നെ പോകാൻ കഴിയില്ലെങ്കിൽ പിന്നെങ്ങനെ ബന്ദുണ്ടാകും? ജമ്മു-കശ്മീർ സാധാരണ നിലയിലാക്കിയ വിഷയത്തിലേക്ക് കേന്ദ്രം കടക്കേണ്ട. അതിനെ ഖണ്ഡിക്കാനുള്ള വസ്തുതകൾ തങ്ങളുടെ പക്കലുണ്ട്. ഈ വസ്തുതകളെല്ലാം സുപ്രീംകോടതി തന്നെ ഒരു ഉത്തരവിൽ ശരിവെച്ചതാണെന്നും സിബൽ ഓർമിപ്പിച്ചു.
കേന്ദ്രം ചെയ്തത് ഭരണഘടനാപരമായ അനുരഞ്ജനം -ഹരീഷ് സാൽവെ
ന്യൂഡൽഹി: ജമ്മു-കശ്മീരിൽ ചെയ്തത് ഭരണഘടനാപരമായ ഒരു ഒത്തുതീർപ്പാണെന്ന് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കേന്ദ്രസർക്കാറിന് വേണ്ടി വാദിച്ചു.
നിർഭാഗ്യകരമായ സാഹചര്യങ്ങൾ ആവശ്യപ്പെട്ടാൽ ഭരണഘടനയുടെ 356ാം അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമെന്നും അതിനെ വിലയിരുത്താൻ കോടതിക്ക് പരിമിതിയുണ്ടെന്നും സാൽവെ തുടർന്നു. ജമ്മു-കശ്മീരുകാരുടെ അവകാശം ഒന്നും എടുത്തുകളയാതെ മറ്റു ഇന്ത്യക്കാർക്കും അവിടെ സ്വത്തു വാങ്ങാനുള്ള അവകാശമാണ് കേന്ദ്രസർക്കാർ നൽകിയത്. വിശാലമായ സമത്വമാണ് അതിലൂടെ നൽകിയതെന്നും അല്ലാതെ വിവേചനമല്ലെന്നും സാൽവെ പറഞ്ഞു. പ്രത്യേക അധികാരമുപയോഗിക്കുന്നതും 370ാം വകുപ്പ് റദ്ദാക്കുന്നതും അടിസ്ഥാനഘടനയെ ബാധിക്കുമെന്ന് പറയുന്നതിനെ ഹരീഷ് സാൽവെ ചോദ്യംചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.