ഗവർണർ പദവികളിൽ അഴിച്ചുപണിക്കൊരുങ്ങി കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ഗവർണർ പദവിയിൽ കേന്ദ്ര സർക്കാർ അഴിച്ചുപണിക്കൊരുങ്ങുന്നു. കേരളം, ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയും അന്തമാൻ നികോബാർ ദ്വീപുകൾ, ദാദർ നാഗർ ഹവേലി, ദാമൻ ദിയു എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്‍ണര്‍മാരെയും മാറ്റിയേക്കും. ഗവർണർമാരും ലഫ്റ്റനൻറ് ഗവർണർമാരും (എൽ.ജി) പദവിയില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ പിന്നിട്ട സാഹചര്യത്തിലാണ് പുനഃസംഘടനക്കൊരുങ്ങുന്നത്.
കേരള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ മാറ്റി മറ്റൊരു സംസ്ഥാനത്ത് ഗവര്‍ണര്‍ സ്ഥാനമോ മറ്റൊരു പദവിയോ നല്‍കുമെന്നാണ് സൂചന. 2017 ഒക്ടോബർ മുതൽ അന്തമാൻ നികോബാർ ദ്വീപുകളുടെ ലഫ്റ്റനൻറ് ഗവർണറായ ദേവേന്ദ്ര കുമാര്‍ ജോഷിക്ക് കേരളത്തിന്റെയോ ജമ്മു-കശ്മീരിന്റെയോ ചുമതല ലഭിച്ചേക്കും. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് മുഹമ്മദ് ഖാന് ഗവർണറായി 2019 സെപ്റ്റംബര്‍ ആറിനാണ് ചുമതലയേറ്റത്. ജമ്മു-കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും നാലുവർഷം പിന്നിട്ടിട്ടുണ്ട്. സിൻഹക്ക് പകരം ഇക്കുറി നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക പങ്കുവഹിച്ച ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറി രാം മാധവിനെ നിയമിച്ചേക്കുമെന്ന് സൂചനയുണ്ട്.
കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടും ഗുജറാത്തിലെ ഗവർണർ ആചാര്യ ദേവ് വ്രത്തും പദവിയിൽ മൂന്നുവർഷം പിന്നിടുകയാണ്. പി.എസ്. ശ്രീധരൻ പിള്ള (ഗോവ), ബന്ദാരു ദത്താത്രേയ (ഹരിയാന), മംഗുഭായ് സി പട്ടേൽ (മധ്യപ്രദേശ്), ഗുർമിത് സിങ് (ഉത്തരാഖണ്ഡ്), ആർ.എൻ. രവി (തമിഴ്നാട്) എന്നിവരും മൂന്നു വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ അഞ്ചുവർഷ കാലാവധി പിന്നിട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത മുതിർന്ന ബി.ജെ.പി നേതാക്കളായ അശ്വനി ചൗബെ, വി.കെ. സിങ്, മുഖ്താർ അബ്ബാസ് നഖ്വി എന്നിവരെ ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.