കോവാക്സിന് അനുമതി നൽകിയതിൽ രാഷ്ട്രീയ സമ്മർദമില്ലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: കോവാക്സിന് അടിയന്തര അനുമതി നൽകിയത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്ന മാധ്യമവാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും അസംബന്ധവുമാണെന്ന് കേന്ദ്രസർക്കാർ. ശാസ്ത്രീയ സമീപനത്തിന്റെയും നിശ്ചിത മാനദണ്ഡത്തിന്റെയും അടിസ്‍ഥാനത്തിലാണ് കോവിഡ് വാക്സിന് അനുമതി നൽകിയതെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
ഭാരത് ബയോടെക് ഉൽപാദിപ്പിച്ച കോവാക്സിനെ ചില നടപടിക്രമങ്ങളിൽനിന്ന് ഒഴിവാക്കിയതായും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ക്ലിനിക്കൽ ട്രയലിന്റെ വേഗം കൂട്ടിയെന്നുമായിരുന്നു മാധ്യമവാർത്തകൾ. മൂന്നു ഘട്ട ക്ലിനിക്കൽ ട്രയലിൽ നിരവധി ക്രമക്കേടുകൾ നടന്നുവെന്നും ക്ലിനിക്കൽ ട്രയലിൽ അശാസ്ത്രീയ മാറ്റം വരുത്തിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. എന്നാൽ, സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്.സി.ഒ) വിദഗ്ധ സമിതി 2021 ജനുവരി ഒന്നിനും രണ്ടിനും ചേർന്ന് വിശദമായ കൂടിയാലോചനക്കുശേഷമാണ് കോവാക്സിന് നിയന്ത്രിത അടിയന്തര അനുമതി നൽകിയതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതിനുമുമ്പ് ഭാരത് ബയോടെക് നൽകിയ എല്ലാ ശാസ്ത്രീയ വിവരങ്ങളും വിദഗ്ധസമിതി വിശദമായി പരിശോധിച്ചിരുന്നു. വിവിധ കാരണങ്ങൾ കണക്കിലെടുത്താണ് വിദഗ്ധ സമിതി അടിയന്തര സാഹചര്യത്തിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയെതന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.