ബിൽകീസ് കേസിൽ കേന്ദ്രവും പ്രതിക്കൂട്ടിൽ
text_fieldsന്യൂഡൽഹി: കൂട്ടബലാത്സംഗത്തിനും കൂട്ടക്കൊലക്കും ജീവപര്യന്തം ശിക്ഷിച്ച 11 കുറ്റവാളികളെ കാലാവധിക്കുമുമ്പേ ജയിലിൽനിന്ന് വിട്ട സംഭവത്തിൽ ഗുജറാത്ത് സർക്കാറിനൊപ്പം കേന്ദ്രസർക്കാറും പ്രതിക്കൂട്ടിൽ. സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്ര ഏജൻസിയായ സി.ബി.ഐയാണ് ബിൽകീസ് ബാനു കേസ് അന്വേഷിച്ചത്. അത്തരമൊരു കേസിൽ കോടതിയുടെ ശിക്ഷ ഇളവുചെയ്യാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി തേടിയിരിക്കണമെന്നാണ് ക്രിമിനൽ നടപടിച്ചട്ടം 435-ാം വകുപ്പ് വ്യക്തമാക്കുന്നത്. ഇത് കഴിഞ്ഞവർഷം ഡൽഹി ഹൈകോടതി ഒരു കേസിൽ ശരിവെച്ചതുമാണ്.
കുറ്റവാളികളുടെ ശിക്ഷ ഇളവുചെയ്യാൻ സി.ആർ.പി.സി 432, 433 വകുപ്പുകൾ പ്രകാരം സംസ്ഥാന സർക്കാറിന് അധികാരമുണ്ട്. എന്നാൽ, കേന്ദ്ര ഏജൻസി അന്വേഷിച്ച കേസിൽ കേന്ദ്രത്തിന്റെ മുൻകൂർ അനുമതി തേടിയിട്ടില്ലെങ്കിൽ ഗുജറാത്ത് സർക്കാറിന്റെ തീരുമാനം ചട്ടവിരുദ്ധമാണ്. കേന്ദ്രം അനുമതി നൽകിയെങ്കിൽ, ആഭ്യന്തര മന്ത്രാലയത്തിന്റെ നയത്തിനു വിരുദ്ധവുമാണ്. ബലാത്സംഗം, കൂട്ടക്കൊല തുടങ്ങിയ ഗുരുതര ചെയ്തികളിലെ കുറ്റവാളികൾക്ക് ശിക്ഷ ഇളവു നൽകരുതെന്ന് അടുത്തയിടെയും കേന്ദ്രം സംസ്ഥാനങ്ങളെ അറിയിച്ചിരുന്നു.
നിയമവശങ്ങൾക്കപ്പുറം, ബി.ജെ.പിയുടെ രാഷ്ട്രീയ തീരുമാനമാണ് ബിൽകീസ് ബാനു കേസിൽ നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്നതാണ് വിട്ടയക്കൽ നടപടി. ശിക്ഷാ കാലാവധി ഇളവുചെയ്യുന്ന കാര്യത്തിൽ ശിപാർശ നൽകിയത് സംസ്ഥാന സർക്കാർ രൂപവത്കരിച്ച പ്രത്യേക സമിതിയാണ്. ഇതിലെ അംഗങ്ങൾ ബി.ജെ.പിക്കാരും സർക്കാറിന്റെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരുമായിരുന്നു. ബി.ജെ.പി എം.എൽ.എമാരായ സി.കെ. റാവോൾജി, സുമൻ ചൗഹാൻ എന്നിവരാണ് കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾ. ബി.ജെ.പിയുടെ ഗോധ്ര മുൻ മുനിസിപ്പൽ കൗൺസിലർ മുരളി മുൽചന്ദാനി, ബി.ജെ.പി വനിത വിഭാഗം പ്രവർത്തക സ്നേഹബെൻ ഭാ ട്ടിയ എന്നിവരും അംഗങ്ങളായിരുന്നു. ഗോധ്ര ജില്ല കലക്ടർ സുജൽ മായത്ര, ജില്ല സാമൂഹിക ക്ഷേമ ഓഫിസർ, ജയിൽ സൂപ്രണ്ട് എന്നിവർ കൂടി അംഗങ്ങളായ സമിതിയിൽ നീതിപീഠ പ്രതിനിധിയായി ഉണ്ടായിരുന്നത് സെഷൻസ് ജഡ്ജി മാത്രമാണ്. ഈ സമിതി എത്ര യോഗം ചേർന്നു, ഏതൊക്കെ വശങ്ങൾ പരിശോധിച്ചു തുടങ്ങിയ കാര്യങ്ങൾ അവ്യക്തം.
സമിതി അംഗമായ മുരളി മുൽചന്ദാനിയാകട്ടെ, ഗോധ്ര ട്രെയിൻ ദുരന്തത്തിന്റെ വിവാദ ദൃക്സാക്ഷിയാണ്. ട്രെയിൻ ദുരന്തം കണ്ടുവെന്ന് പറയുന്ന മുൽചന്ദാനി, നിതിൻ പഥക്, രഞ്ജിത് ജോധ പട്ടേൽ എന്നിവർ ആദ്യം നൽകിയ മൊഴി പിന്നീട് കോടതിയിൽ തിരുത്തിപ്പറഞ്ഞു. ഇവരെ ദൃക്സാക്ഷികളായി കണക്കാക്കാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഇവർ നൽകിയ തെളിവുകൾ കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതി ഉപദേശവും ശിക്ഷാ ഇളവിനുള്ള 1992ലെ കാലഹരണപ്പെട്ട ചട്ടവും മറയാക്കിയാണ് ഉപദേശക സമിതി ശിപാർശ സംസ്ഥാന സർക്കാർ അംഗീകരിച്ചത്. ഈ ചട്ടം 2013ൽ പുതുക്കിയെങ്കിലും ശിക്ഷിക്കപ്പെട്ട സമയത്ത് പ്രാബല്യത്തിലുള്ള ചട്ടമെന്ന വിശദീകരണത്തോടെയാണ് കൊടുംകുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിച്ചത്. കുറ്റത്തിന്റെ കാഠിന്യം പരിഗണിക്കണമെന്ന വ്യവസ്ഥ പഴയ ചട്ടത്തിൽ ഇല്ലെന്നാണ് വിശദീകരണം. കാലഹരണപ്പെട്ടതല്ല, പ്രാബല്യത്തിലുള്ള ചട്ടമാണ് നോക്കേണ്ടതെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യങ്ങളിൽ ശിക്ഷ ഇളവ് വീണ്ടും നിയമപോരാട്ടത്തിന് വഴി തുറന്നേക്കും.
ശിക്ഷയിളവ് പിൻവലിക്കണമെന്ന് സാമൂഹിക പ്രവർത്തകർ
ന്യൂഡൽഹി: ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ, കൂട്ടക്കൊല കേസിലെ 11 പ്രതികളെ ശിക്ഷ കാലാവധി കഴിയുംമുമ്പ് മോചിപ്പിച്ച നടപടി പിൻവലിക്കണമെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകരും സംഘടന പ്രതിനിധികളും ഉൾപ്പെടെ 6000ത്തിലേറെ പേർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. നീതിവ്യവസ്ഥയിൽ സ്ത്രീകൾക്ക് വിശ്വാസമുണ്ടാകണമെങ്കിൽ ഇളവ് റദ്ദാക്കി പ്രതികളെ ജയിലിലേക്ക് തിരിച്ചയക്കണമെന്ന് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സാമൂഹിക പ്രവർത്തകരായ സൈദ ഹമീദ്, സഫറുൽ ഇസ്‍ലാം ഖാൻ, രൂപ് രേഖ, ദേവകി ജയിൻ, ഉമ ചക്രവർത്തി, സുഭാഷിണി അലി, കവിത കൃഷ്ണൻ, മൈമൂന മൊല്ല, ഹസീന ഖാൻ, രചന മുദ്രബോയിന, ശബ്നം ഹാശ്മി തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പിട്ടിട്ടുണ്ട്.
2002ൽ ഗുജറാത്ത് കലാപകാലത്താണ് ബിൽക്കീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയാകുകയും മൂന്നു വയസ്സുകാരിയായ മകളും ആറു ബന്ധുക്കളും കൊല്ലപ്പെടുകയും ചെയ്തത്. 21ാം വയസ്സിൽ അഞ്ചുമാസം ഗർഭിണിയായിരിക്കെയാണ് സംഭവം. കലാപസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു അവർ. 2008ലാണ് പ്രത്യേക സി.ബി.ഐ കോടതി പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പിന്നീട് ബോംബെ ഹൈകോടതി ശിക്ഷ ശരിവെച്ചു.
സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് അർഹരായ തടവുകാരുടെ ശിക്ഷ ഇളവുചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകിയിരുന്നു. ജീവപര്യന്തം തടവുകാരെയും ബലാത്സംഗ കുറ്റവാളികളെയും പരിഗണിക്കരുതെന്ന് ഇതിൽ പറയുന്നുണ്ട്. ഈ മാർഗനിർദേശം മറയാക്കിയാണ് ഭീകര കുറ്റകൃത്യത്തിലെ പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.