ഡൽഹി സർക്കാറിന് ജീവനക്കാർക്കുമേലുള്ള അധികാരം തിരിച്ചുപിടിക്കാൻ 'ഇരുട്ടത്ത്' ഓർഡിനൻസ് ഇറക്കി കേന്ദ്രം
text_fieldsന്യൂഡൽഹി: ഡൽഹി സർക്കാർ ജീവനക്കാർക്കു മേലുള്ള അധികാരം സുപ്രീംകോടതി വിധി മറികടന്ന് തിരിച്ചുപിടിക്കാൻ വെള്ളിയാഴ്ച രാത്രി വൈകി ഓർഡിനൻസ് ഇറക്കി കേന്ദ്രസർക്കാർ. ഭരണഘടന ബെഞ്ചിന്റെ അതേ വിധി ചോദ്യംചെയ്ത് ശനിയാഴ്ച പുനഃപരിശോധന ഹരജിയുമായി കേന്ദ്രം സുപ്രീംകോടതിയിലുമെത്തി. പരമോന്നത കോടതിയെ അവഹേളിച്ച കേന്ദ്ര ഓർഡിനൻസിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും വ്യക്തമാക്കിയതോടെ കേന്ദ്രവും ഡൽഹിയും തമ്മിൽ പുതിയൊരു പോരിന് തുടക്കമായി.
സുപ്രീംകോടതി അവധിക്കാലത്തേക്ക് അടച്ചതിന് തൊട്ടുപിന്നാലെയാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് അന്തിമ വിധിയിലൂടെ അറുതിവരുത്തിയ അധികാരത്തർക്കത്തിന് കേന്ദ്രസർക്കാർ പുതിയ തുടക്കമിട്ടത്. ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹിയിൽ ക്രമസമാധാനം, പൊലീസ്, റവന്യൂ എന്നിവയൊഴികെയുള്ള മുഴുവൻ മേഖലകളിലും ഭരണാധികാരം ഡൽഹി സർക്കാറിനാണെന്നും ലഫ്റ്റനന്റ് ഗവർണർക്കല്ലെന്നുമുള്ള ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ ശനിയാഴ്ച സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടു.
ഡൽഹി സർക്കാറിനുള്ള അധികാരം നിർണയിച്ച് 2018ൽ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച വിധിയും അതിൽ വ്യക്തത വരുത്തി അഞ്ചംഗ ഭരണഘടന ബെഞ്ച് ഈയിടെ പുറപ്പെടുവിച്ച വിധിയും ഒരുപോലെ അട്ടിമറിക്കുന്നതാണ് പുനഃപരിശോധന ഹരജി നൽകുംമുമ്പ് കേന്ദ്രം ഇറക്കിയ ഓർഡിനൻസ്.
ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിയമന, സ്ഥലംമാറ്റ അധികാരംപോലും ഡൽഹിയിലെ സർക്കാറിനാണെന്നാണ് കോടതി വിധിച്ചത്. ഡൽഹി സർക്കാറിന് നൽകിയ ആ അധികാരമാണ് ഓർഡിനൻസിലൂടെ അട്ടിമറിച്ചിരിക്കുന്നത്. കേന്ദ്രം അതോറിറ്റിയുമായി കൂടിയാലോചന നടത്തി രാജ്യതലസ്ഥാനത്തിന് ആവശ്യമായ തസ്തികകൾ നിർണയിക്കുകയും ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യണമെന്ന് കേന്ദ്ര വിജ്ഞാപനം വ്യക്തമാക്കുന്നു.
ദേശീയ തലസ്ഥാനത്തെ ഏതൊരു സംഭവവും അവിടെയുള്ള ജനങ്ങളെ മാത്രമല്ല, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളെയും ബാധിക്കുന്നതാണെന്നും അന്തർദേശീയ തലത്തിൽ രാജ്യത്തിന്റെ പദവിക്കും പ്രതിച്ഛായക്കും വിശ്വാസ്യതക്കും അഭിമാനത്തിനും ക്ഷതമേൽപിക്കാവുന്നതാണെന്നും വിജ്ഞാപനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.