കേന്ദ്ര സർക്കാറിന് ആകെ നയമുള്ളത് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ മാത്രം -അടൂർ പ്രകാശ് എം.പി
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മറച്ചുവച്ച് സർക്കാർ പദ്ധതികളുടെ പകർത്തെഴുത്തായി മാറിയെന്ന് അടൂർ പ്രകാശ് എം.പി.
ചൈനാ അതിർത്തിയിലെ ഉത്കണ്ഠാജനകമായ സ്ഥിതിവിശേഷവും രാജ്യത്തെ വിലക്കയറ്റവും തൊഴിലില്ലായ്മയും പരാമർശവിഷയങ്ങൾ ആവാത്തത് സർക്കാറിന് ഈ പ്രശ്നങ്ങളിൽ പ്രത്യേക നയമൊന്നും ഇല്ലാത്തത് കൊണ്ടാണ്. ആകെ നയമുള്ളത് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ മാത്രമാണ്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് പ്രവാസികളെ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളികളുടെ തൊഴിൽനഷ്ടം പരിഹരിക്കുന്നതിന് പദ്ധതി നടപ്പാക്കുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ പരിഗണിക്കാൻ തയാറല്ല.
യുവാക്കൾ മയക്കുമരുന്നിന് അടിമപ്പെടുന്ന അപകടകരമായ സ്ഥിതിവിശേഷം രാജ്യം നേരിടുകയാണ്. മയക്കുമരുന്ന് കേസുകളിൽ പതിന്മടങ്ങ് വർധനയാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഉണ്ടായത്.
ഒരുമയുടെ നാടായിരുന്ന നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അസഹിഷ്ണുതയുടേതായിരിക്കുന്നുവെന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നുവെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.