മോദിയുടെ ചിത്രമുള്ള സെൽഫി പോയിന്റുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള സെൽഫി പോയിന്‍റുകൾ സജ്ജീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. റെയിൽവേ സ്റ്റേഷനുകളിലും സർവകലാശാലകളിലും മ്യൂസിയങ്ങളിലും മോദിയുടെ ചിത്രം വെച്ച സെൽഫി പോയിന്റുകൾ സ്ഥാപിക്കാനാണ് നീക്കം. നേരത്തെ, സൗജന്യ റേഷൻ ബാഗുകളിലും കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റുകളിലും മോദിയുടെ ചിത്രം ഉൾപ്പെടുത്തിയിരുന്നു.
ഇതിലൂടെ നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളും മറ്റും ജനങ്ങളിലെത്തിക്കാനും വോട്ടർമാരെ സ്വാധീനിക്കാനും കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാർ. ദേശീയ തലത്തിൽ പല മ്യൂസിയങ്ങളിലും ഇതിനകം മോദിയുടെ ചിത്രം വെച്ചുള്ള സെൽഫി പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വർഷത്തിന്‍റെ തുടക്കത്തിൽ തന്നെ യു.ജി.സിക്കും സായുധ സേനക്കും പ്രതിരോധ മന്ത്രാലയത്തിനും സെൽഫി പോയിന്റുകൾ സജ്ജീകരിക്കാനുള്ള അറിയിപ്പ് നൽകിയിരുന്നു.
റെയിൽവേ സ്റ്റേഷനുകളിൽ സ്ഥിരം ത്രീഡി സെൽഫി ബൂത്തിന്റെ നിർമാണ ചെലവ് 6.25 ലക്ഷവും താത്കാലിക സെൽഫി പോയിന്‍റിന് 1.25 ലക്ഷം രൂപയുമാണെന്ന് റെയിൽവേ മന്ത്രാലയം വിവരാവകശാത്തിന് മറുപടി നൽകിയിരുന്നു. വിരമിച്ച റെയിൽവേ ഉദ്യോഗസ്ഥൻ നൽകിയ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയായാണ് റെയിൽവേ മന്ത്രാലയം ഇത് വ്യക്തമാക്കിയത്. കേന്ദ്ര സർക്കാറിന്‍റെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.