ആദിവാസി കുടുംബങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ നല്‍കിയ കമ്പനിക്ക് ഏഴ് ലക്ഷം രൂപ പിഴയിട്ട് കലക്ടർ
text_fieldsഇടുക്കി: ആദിവാസി കുടുംബങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി ഇടുക്കി ജില്ലാ കലക്ടര്‍. സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യക്കിറ്റിലുണ്ടായിരുന്ന കേരശക്തി എന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സ്റ്റാര്‍ ഫുഡ്‌സ് സ്ഥാപനത്തിന്റെ ഉടമ ഷിജാസിനാണ് പിഴ ചുമത്തിയത്. 15 ദിവസത്തിനകം പിഴ അടക്കാൻ കമ്പനിക്ക് കലക്ടർ നിര്‍ദേശം നല്‍കി.
വെളിച്ചെണ്ണ ഉപയോഗിച്ച വെണ്ണിയാനി ഊരിലെ 60 കുടുംബങ്ങളിലെ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. കേരശക്തി കമ്പനിയുടെ വെളിച്ചെണ്ണയില്‍ മായമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആദിവാസി ഊരിലെ മൂപ്പന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്നതായി കണ്ടെത്തിയത്. വെളിച്ചെണ്ണ ഉപയോഗിച്ച പലരിലും ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കാക്കനാട് റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
ഊരിലെ കുടുംബങ്ങള്‍ തൊടുപുഴയിലെ ജില്ലാ പട്ടികവര്‍ഗ്ഗ ഓഫിസിന് മുമ്പില്‍ പ്രതിഷേധമുയര്‍ത്തുകയും ഓഫീസറെ ഉപരോധിക്കുകയും ചെയ്തിരുന്നു. കരാറുകാര്‍ക്കെതിരെയും കമ്പനിക്കെതിരെയും നടപടി എടുക്കുമെന്ന് അധികൃതര്‍ വാക്ക് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ലൈസന്‍സില്ലാതെ ഉത്പന്നങ്ങള്‍ വിതരണം ചെയ്ത ഇവർക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.