കർണാടകയിലെ ജാതി രാഷ്ട്രീയം ആരെ തുണക്കും?
text_fieldsബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ ജാതി ഒരു വലിയ ഘടകമാണ്. പാർട്ടികളുടെ സ്ഥാനാർഥി നിർണയത്തിലും ഇത് വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
കോൺഗ്രസും ബി.ജെ.പിയും ജെ.ഡി.എസും തെരഞ്ഞെടുത്ത സ്ഥാനാർഥികളിൽ 45 ശതമാനവും വൊക്കലിഗ, ലിംഗായത് സമുദായങ്ങളിൽ നിന്നുള്ളവരാണ്. ലിംഗായത്ത് സമുദായത്തിൽ നിന്ന് ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത് ബി.ജെ.പിക്കാണ്. ജെ.ഡി.എസിൽ വൊക്കലിഗ സ്ഥാനാർഥികളാണ് കൂടുതൽ.
സ്ഥാനാർഥികൾ കർണാടകയിലെ ചില ജാതികളുടെ രാഷ്ട്രീയ ആധിപത്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ 14-18% വരെ ലിംഗായത്ത് വോട്ടർമാരാണ്. 11-16 ശതമാനം വൊക്കലിഗ വിഭാഗമാണ്.
കർണാടകയിലെ ഭൂരിപക്ഷം വരുന്ന ലിംഗായത്ത് സമുദായം ബി.ജെ.പിയോട് ചേർന്ന് നിൽക്കുകയാണെങ്കിലും ഇത്തവണ അതിലൊരു വിഭാഗം കോൺഗ്രസിനൊപ്പമാണ്. ലിംഗായത് നേതാവായ മുൻ മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്തുകയും ലിംഗായത് വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള ജഗദീഷ് ഷെട്ടറിന് പാർട്ടി ടിക്കറ്റ് നിഷേധിക്കുകയും ചെയ്തതോടെ ഒരു വിഭാഗം സമുദായാംഗങ്ങൾ ബി.ജെ.പിയിൽ നിന്നകന്നു. ഷെട്ടർ കോൺഗ്രസിൽ ചേരുകയും ബി.ജെ.പി ലിംഗായത് വിഭാഗത്തെ വഞ്ചിക്കുകയാണെന്ന സന്ദേശം കോൺഗ്രസ് പ്രചരിപ്പിക്കുകയും കൂടി ചെയ്തതോടെ ബി.ജെ.പിയുടെ ലിംഗായത് കോട്ടയിൽ ഇളക്കം തട്ടിയിട്ടുണ്ട്.
എന്നാൽ തെക്കൻ കർണാടകയിലെ മറ്റിടങ്ങളിൽ, പരമ്പരാഗതമായി ജനതാദൾ (സെക്കുലർ) അല്ലെങ്കിൽ കോൺഗ്രസുമായി യോജിച്ച് നിൽക്കുന്ന വൊക്കലിഗ വിഭാഗങ്ങൾക്കിടയിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പിയും ആഞ്ഞുശ്രമിച്ചിട്ടുണ്ട്. സമുദായത്തിന് സംവരണം നൽകുകയും വൊക്കലിഗ ഭരണാധികാരി കെംപെഗൗഡയുടെ പ്രതിമകൾ നിർമ്മിക്കുകയും 17-ാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താനെ വധിച്ചത് വൊക്കലിഗ സമുദായത്തിലെ രണ്ടുപേരാണെന്ന തരത്തിൽ പ്രചാരണങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി മുസ്‍ലിം സമുദായത്തിൽ നിന്നുള്ള സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഒരാൾ മാത്രമാണ് ബി.ജെ.പി സ്ഥാനാർഥി. കോൺഗ്രസ് എല്ലാ വിഭാഗങ്ങൾക്കും പരിഗണന നൽകിയിട്ടുണ്ട്.
വടക്കൻ കർണാടകയുടെ ഭൂരിഭാഗവും ലിംഗായത് ആധിപത്യമാണ്. അതേസമയം ബംഗളൂരു, ദക്ഷിണ കർണാടക മേഖലകളിൽ സ്ഥാനാർഥികളിൽ ഭൂരിഭാഗവും വൊക്കലിഗ വിഭാഗത്തിൽ നിന്നുള്ളവരാണ്. തീരദേശ കർണാടകയിലാണ് മറ്റ് പിന്നാക്ക ജാതികളുടെ അനുപാതം ഏറ്റവും കൂടുതലുള്ളത്. കാരണം ഇവിടെയാണ് ജനസംഖ്യയുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗം വരുന്ന ബില്ലവ സമുദായം.
ഇവിടെ മോദിയുടെ ഹിന്ദുത്വ വോട്ടും ജനപ്രീതിയുമാണ് ബി.ജെ.പി പ്രയോഗിക്കുന്നത്. സ്ഥാനാർഥിയാകട്ടെ, ജനസംഖ്യാപരമായി ചെറുതും രാഷട്രീയമായി ശക്തവുമായ ബണ്ട് സമുദായത്തിൽ നിന്നുള്ളയാളുമാണ്. എന്നാൽ ഈ മണ്ഡലങ്ങളിൽ ബില്ലവ സ്ഥാനാർഥികളെ നിർത്തി ഹിന്ദുത്വക്കെതിരെ ജാതി കണക്കുകൾ കൊണ്ട് രക്ഷപ്പെടാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.