‘ഗിഗ്’ തൊഴിലാളികളുടെ അവസ്ഥ പരിതാപകരം
text_fieldsന്യൂഡൽഹി: ഓണ്‍ലൈന്‍ ടാക്സി സർവിസ്, ഫുഡ് ഡെലിവറി, ഫാർമസി തുടങ്ങിയ സേവനങ്ങൾ നൽകുന്ന ഓല, ഉബർ, ഫാം ഈസി തുടങ്ങിയവയിൽ മോശം തൊഴിൽ സാഹചര്യമെന്ന് റിപ്പോർട്ട്. ഗാർഹിക, വ്യക്തിഗത പരിചരണം, ലോജിസ്റ്റിക്സ്, ഫുഡ് ഡെലിവറി, ഇ-ഫാർമസി, ഗതാഗതം തുടങ്ങിയ മേഖലകളിൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന 12 ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തൊഴിലാളികള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഈ മേഖലകളിൽ ജോലി ചെയ്യുന്ന ‘ഗിഗ്’ തൊഴിലാളികളുടെ തൊഴില്‍ സാഹചര്യവും ജീവിതനിലവാരവും അന്താരാഷ്ട്ര തലത്തിൽ വിലയിരുത്തുന്ന ഫെയര്‍വര്‍ക് ഇന്ത്യ റേറ്റിങ്സ് 2022 റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് സെന്റര്‍ ഫോര്‍ ഐ.ടി ആൻഡ് പബ്ലിക് പോളിസിയും ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബംഗളൂരുവും ചേർന്നാണ് റിപ്പോർട്ട് തയാറാക്കിയത്.
ഡിജിറ്റല്‍ തൊഴിലിടങ്ങളിലെ ന്യായമായ വേതനം, വ്യവസ്ഥകള്‍, കരാര്‍, നടത്തിപ്പ്, പ്രാതിനിധ്യം എന്നീ അഞ്ച് തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി 10 പോയന്റിലാണ് ഫെയര്‍വര്‍ക് ടീം പ്ലാറ്റ്ഫോമുകളെ വിലയിരുത്തിയത്.
ഓൺലൈൻ ടാക്സി സേവനങ്ങളായ ഓല, ഉബർ, ഗ്രോസറി ഡെലിവറി ആപ് ഡുൺസോ, ഫാർമസി പ്ലാറ്റ്ഫോം ഫാം ഈസി, ആമസോൺ ഫ്ലെക്സ് എന്നിവക്ക് 10 പോയന്റിൽ ഒന്നും നേടാനായില്ല. ഈ വർഷം ഒരു പ്ലാറ്റ്ഫോമും 10 പോയന്റിൽ ഏഴിൽ കൂടുതൽ പോയന്റ് നേടിയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. പത്തിൽ ഏഴു പോയന്റ് നേടിയത് വിദഗ്ധ പ്രഫഷനലുകളുടെ ഓൺലൈൻ സേവനം നൽകുന്ന അർബൻ കമ്പനിയാണ്.
ബിഗ്ബാസ്കറ്റ് (6), ഫ്ലിപ്കാർട്ട് (5), സ്വിഗ്ഗി (5), സൊമാറ്റോ (4), സെപ്റ്റോ (2), പോർട്ടർ (1) എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ പോയന്റ് നില. 12 പ്ലാറ്റ്ഫോമുകളും തൊഴിലാളികള്‍ക്ക് വേണ്ടത്ര സൗകര്യമൊരുക്കിക്കൊടുക്കുന്നതില്‍ ഏറെ പിന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. അടിസ്ഥാന വേതനം പോലും നല്‍കാതെയാണ് പ്രവര്‍ത്തനമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
‘ഗിഗ്’ തൊഴിലാളികളുടെ അവസ്ഥ പരിതാപകരം
ഡിജിറ്റല്‍ മാർക്കറ്റിങ്, ഭക്ഷണ വിതരണം, ഓൺലൈൻ ടാക്സി ഡ്രൈവർമാർ, കടകളിൽനിന്നു സാധനങ്ങൾ കൊണ്ടുവന്നു തരുന്നവർ തുടങ്ങിയ ജോലി ചെയ്യുന്നവരാണ് ഗിഗ് തൊഴിലാളികൾ. കരാർ ജോലിക്കാരായ ഇവർക്ക് സ്ഥിരം ജീവനക്കാർക്കുള്ള ആനുകൂല്യങ്ങളൊന്നുമില്ല.
നിശ്ചിത സമയത്ത് നിശ്ചിത പ്രതിഫലത്തിന് ജോലി ചെയ്യുന്നു. നിതി ആയോഗ് റിപ്പോർട്ട് അനുസരിച്ച് ഏകദേശം 26.6 ലക്ഷം ഗിഗ് തൊഴിലാളികൾ റീടെയിൽ, ട്രേഡ്, സെയിൽസ് മേഖലകളിൽ ജോലി ചെയ്യുന്നു, 13 ലക്ഷം ആളുകൾ ഗതാഗത മേഖലയിലും 6.3 ലക്ഷം പേർ നിർമാണ രംഗത്തും 6.2 ലക്ഷം പേർ ഇൻഷുറൻസ്, ധനകാര്യ മേഖലയിലുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.