കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു
text_fieldsബെംഗളൂരു: കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ ബംഗളൂരു അധ്യാപക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി പി. പുട്ടണ്ണ വിജയിച്ചു. ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന്റെ സംയുക്ത സ്ഥാനാർത്ഥി എ.പി. രംഗനാഥിനെ 1,507 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പുട്ടണ്ണ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം മാർച്ചിൽ പുട്ടണ്ണ എം.എൽ.സി സ്ഥാനത്തുനിന്നും രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ജെ.ഡി.എസ് എൻ.ഡി.എ സഖ്യത്തിൽ ചേർന്ന ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് വൻ തിരിച്ചടിയായി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ വോട്ടർമാരുടെ നിലവിലുള്ള മാനസികാവസ്ഥയായിട്ടാണ് കോൺഗ്രസ് ഫലത്തെ വിശേഷിപ്പിച്ചത്.
കോൺഗ്രസിന്റെ പുട്ടണ്ണ 8260 വോട്ടുകൾ നേടിയപ്പോൾ ജെ.ഡി.എസ് സ്ഥാനാർത്ഥി രംഗനാഥിന് 6753 വോട്ടുകളാണ് ലഭിച്ചത്. പുട്ടണ്ണ ഈ മണ്ഡലത്തിൽ നിന്നും തുടർച്ചയായി അഞ്ചാം തവണയാണ് വിജയിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബാംഗ്ലൂർ ടീച്ചേഴ്‌സ് മണ്ഡലം സീറ്റ് ജെ.ഡി.എസിന് ബി.ജെ.പി വിട്ടുകൊടുക്കുകയായിരുന്നു. ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കളുടെ യോഗത്തെ തുടർന്നാണ് ജനുവരിയിൽ സീറ്റ് ജെ.ഡി.എസിന് നൽകിയത്.
കർണാടക കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ ഉപതെരഞ്ഞെടുപ്പ് ഫലം ശുഭ സൂചകമാണെന്ന് പറഞ്ഞു. വിദ്യാസമ്പന്നരായ വോട്ടർമാർ ബി.ജെ.പി-ജെ.ഡി.എസ് സഖ്യം നിരസിച്ച് കോൺഗ്രസിന് വോട്ട് ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേ മാനസികാവസ്ഥ സംസ്ഥാനത്ത് നിലനിൽക്കുമെന്ന് ശിവകുമാർ പറഞ്ഞതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.