പ്രിയങ്കയെ കണ്ട് ബി.ജെ.പി പെൺപക്ഷം ചമയുകായാണെന്ന് കോൺഗ്രസ്
text_fieldsലഖ്നോ: പതിവിൽനിന്ന് മാറി യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രചാരണത്തിന് വനിതകളെ ഇക്കുറി രംഗത്തിറക്കിയിട്ടുണ്ട്. അതിൽ മൂന്നുപേർ അടുത്തിടെ പാർട്ടിയിൽ ചേർന്നവരുമാണ്. കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ, പുതുതായി പാർട്ടിയിൽ ചേർന്ന അപർണ യാദവ്, അദിതി സിങ്, പ്രിയങ്ക മൗര്യ എന്നിവർ അടങ്ങുന്ന സംഘം ഞായറാഴ്ച തലസ്ഥാനത്ത് പ്രചാരണത്തിനുണ്ടായിരുന്നു.
എന്നാൽ, പതിവില്ലാതെ വനിതകളെ പ്രചാരണത്തിനിറക്കാൻ ബി.ജെ.പി നിർബന്ധിതരായതിനു കാരണം പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യമാണെന്ന പരിഹാസവുമായി കോൺഗ്രസ് രംഗത്തുവന്നിരിക്കുകയാണ്. 'ലഡ്കീ ഹൂം, ലഡ് സക്തീ ഹൂം' (പെണ്ണാണ് ഞാൻ, പോരാടും) എന്ന മുദ്രാവാക്യവുമായി പ്രിയങ്ക നടത്തുന്ന പ്രചാരണവും 40 ശതമാനത്തോളം സീറ്റുകൾ വനിതകൾക്ക് നൽകുമെന്ന പ്രിയങ്കയുടെ പ്രഖ്യാപനവുമാണ് ബി.ജെ.പിയെ 'പെൺപക്ഷക്കാർ' ആക്കിയതെന്ന ആക്ഷേപം ഉയർത്തിയിരിക്കുകയാണ് യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ്കുമാർ ലല്ലു.
ജനസംഖ്യയുടെ പാതിയോളമുള്ള വനിതകളെ രാഷ്ട്രീയ പാർട്ടികൾക്ക് അവഗണിക്കാനാവില്ലെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. അത് തിരിച്ചറിഞ്ഞിട്ടാവണം ഇപ്പോൾ പാർട്ടിയിൽ ചേക്കേറിയ വനിത നേതാക്കളുമായി ബി.ജെ.പി മന്ത്രി പ്രചാരണത്തിനിറങ്ങിയത്. സമാജ്വാദി പാർട്ടിയുടെ തലമുതിർന്ന നേതാവ് മുലായം സിങ് യാദവിന്റെ ഇളയ മരുമകൾ അപർണ യാദവും റായ്ബറേലിയിൽനിന്നുള്ള കോൺഗ്രസ് വിമത എം.എൽ.എ അദിതി സിങ്ങും കഴിഞ്ഞയാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്.
ഏതാനും ദിവസം മുമ്പുവരെ കോൺഗ്രസിന്റെ പ്രചാരണ പോസ്റ്ററിലെ മുഖമായിരുന്ന പ്രിയങ്ക മൗര്യയും കളംമാറി ബി.ജെ.പിയിലെത്തിയിരുന്നു. എന്നാൽ, ഈ ചുവടുമാറ്റമൊന്നും കോൺഗ്രസിനെ തളർത്തില്ലെന്നാണ് അജയ്കുമാർ ലല്ലുവിന്റെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.