അമിത പ്രതീക്ഷയില്ലെങ്കിലും യു.പിയിൽ പോരാടാനുറച്ച് കോൺഗ്രസ്
text_fieldsലക്നോ: നീതിക്കുവേണ്ടി പോരാടിയ സ്ത്രീകളെയടക്കം കളത്തിലിറക്കി യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പയറ്റുന്നത് ബി.ജെ.പിയെ തുറന്നുകാട്ടൽ. നിയമസഭയിലെ അംഗബലത്തിൽ അമിത പ്രതീക്ഷയില്ലെങ്കിലും തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നീതി ഉയർത്തിക്കാട്ടാനാണ് നീക്കം.
അതിനായി അവർ പുറത്തിറക്കിയ ആദ്യ രണ്ടുഘട്ടത്തിലെ സ്ഥാനാർഥി പട്ടികയിൽ ശ്രദ്ധേയം ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ 17കാരിയുടെ മാതാവ് ആശ സിങ്ങാണ്. ഈ കേസിലെ കുറ്റവാളി ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെംഗാർ ജീവപര്യന്തം ശിക്ഷകിട്ടി തടവറയിലാണ്. 55കാരി ആശ സിങ്ങടക്കം 125 സ്ഥാനാർഥികളിൽ 50 വനിതകളാണുള്ളത്. ബലാത്സംഗത്തെ തുടർന്ന് പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നിൽ സമരം നയിച്ചാണ് നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് പിന്മാറാനൊരുക്കമല്ലെന്ന് ആശ സിങ് തെളിയിച്ചത്. ഉന്നാവിൽനിന്നാണ് ആശ സിങ് ജനവിധി തേടുന്നത്.
യു.പിയിൽ ബി.ജെ.പി വിട്ട നേതാക്കൾ എസ്.പിയിൽ
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച യു.പിയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നൽകി യോഗി മന്ത്രിസഭയിൽനിന്ന് രാജിവെച്ച രണ്ടു പ്രമുഖ പിന്നാക്കവിഭാഗ നേതാക്കൾ ഔപചാരികമായി സമാജ്വാദി പാർട്ടിയിൽ.
മുൻമന്ത്രിമാരായ സ്വാമിപ്രസാദ് മൗര്യ, ധരംസിങ് സെയ്നി എന്നിവർക്കുപുറമെ ബി.ജെ.പി വിട്ട മറ്റ് അഞ്ച് എം.എൽ.എമാരും സമാജ്വാദി പാർട്ടിയിൽ ചേർന്നു. രോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപതി, മുകേഷ് വർമ, വിനയ് ശാഖ്യ, ഭഗവതി സാഗർ എന്നിവർക്കുപുറമെ അപ്നാ ദൾ വിട്ട ചൗധരി അമർ സിങ്ങും സമാജ്വാദി പാർട്ടിയിലെത്തി.
ബി.ജെ.പിയുടെ സഖ്യകക്ഷിയാണ് അപ്നാ ദൾ. ബി.ജെ.പിയുടെ അവസാനത്തിന്റെ ശംഖുനാദമാണ് ഇപ്പോൾ മുഴങ്ങുന്നതെന്ന് സ്വാമിപ്രസാദ് മൗര്യ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും തെറ്റായവഴിയിൽ നയിക്കുന്ന ബി.ജെ.പി ജനങ്ങളുടെ കണ്ണിൽപൊടിയിടുകയും ചൂഷണം നടത്തുകയുമാണ്. അത് അവസാനിപ്പിക്കണം. ചൂഷണത്തിൽനിന്ന് യു.പിയെ മോചിപ്പിക്കണമെന്ന് മൗര്യ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ബി.ജെ.പി അവഗണിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ചൊവ്വാഴ്ചയാണ് മൗര്യ ഗവർണർക്ക് രാജിക്കത്ത് നൽകിയത്.
തൊട്ടുപിന്നാലെ രണ്ടു മന്ത്രിമാരടക്കം 10 എം.എൽ.എമാർകൂടി ബി.ജെ.പി ബന്ധം അവസാനിപ്പിച്ചു. പിന്നാക്ക വിഭാഗങ്ങളെ യോഗി സർക്കാർ അവഗണിക്കുന്നതായാണ് എല്ലാവരും കുറ്റപ്പെടുത്തിയത്.
ബി.ജെ.പിയെ പരിഹസിച്ച് അഖിലേഷ്
ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിലെ ബി.ജെ.പി അവകാശവാദത്തെ പരിഹസിച്ച് സമാജ്വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. 403 അംഗ നിയമസഭയിൽ നാലിൽ മൂന്ന് ശതമാനം സീറ്റുകൾ നേടുമെന്ന ബി.ജെ.പി അവകാശവാദത്തെയാണ് അഖിലേഷ് പരിഹസിച്ചത്. നാലിൽ മൂന്ന് ശതമാനം എന്നതുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് മൂന്നോ നാലോ സീറ്റായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യോഗി ആദിത്യനാഥ് മന്ത്രിസഭയിൽനിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യക്ക് എസ്.പി അംഗത്വം നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അഖിലേഷ്. സംസ്ഥാനത്ത് 20 ശതമാനവും 80 ശതമാനവും തമ്മിലാണ് മത്സരമെന്ന യോഗിയുടെ വിവാദ പ്രസ്താവനയെയും അഖിലേഷ് വെറുതെ വിട്ടില്ല. മുഖ്യമന്ത്രി ഒരു കണക്ക് ടീച്ചറെ ഏർപ്പാടാക്കണമെന്ന് അഖിലേഷ് പരിഹസിച്ചു. ബി.ജെ.പിക്ക് 20 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും യോഗി മന്ത്രിസഭയിലെ അംഗങ്ങൾ എസ്.പിയിൽ ചേരാൻ തുടങ്ങിയതിനാൽ ഈ 20 ശതമാനവും ലഭിക്കില്ലെന്നും അഖിലേഷ് പറഞ്ഞു.
ദലിത് വീട്ടിൽ ഭക്ഷണംകഴിച്ച് യോഗി
ഒ.ബി.സി വിഭാഗത്തിൽ സ്വാധീനമുള്ള മന്ത്രിമാരും എം.എൽ.എമാരുമുൾപ്പെടെയുള്ളവർ ബി.ജെ.പിയിൽനിന്ന് രാജിവെച്ചുപോയതോടെ ഉണ്ടാകുന്ന പിന്നാക്ക വോട്ടുചോർച്ച തടയാൻ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്.
വെള്ളിയാഴ്ച തെൻറ മണ്ഡലമായ ഗോരഖ്പൂരിലെ ദലിത് ഭവനത്തിൽ ഉച്ചഭക്ഷണം കഴിച്ചാണ് ദലിത്-പിന്നാക്ക വോട്ടുകൾ പിടിച്ചുനിർത്താനുള്ള പ്രചാരണത്തിന് യോഗി തുടക്കംകുറിച്ചത്. ഗോരഖ്പൂരിലെ ജുങ്കിയയിലെ അമൃത്ലാൽ ഭർതിജിയുടെ വീട്ടിൽനിന്ന് കിച്ചഡിയും പ്രസാദവും കഴിച്ച യോഗി, സാമൂഹിക സൗഹാർദത്തിനുള്ള ശ്രമങ്ങൾ തുടരുമെന്ന് അറിയിച്ചു. വിവേചനമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനാണ് ബി.ജെ.പി സർക്കാർ പ്രവർത്തിക്കുന്നതെന്നും യോഗി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.