സ്വാതന്ത്ര്യ ദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി
text_fieldsന്യൂഡൽഹി: 76ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. ആയിരങ്ങളുടെ സഹനങ്ങൾക്കും പോരാട്ടങ്ങൾക്കുമൊടുവിൽ ഇന്ത്യൻ ജനത സ്വാതന്ത്ര്യം വീണ്ടെടുത്ത ചരിത്രദിനം പിന്നിട്ടിട്ട് ഇന്നേക്ക് 75 വർഷം. അർധരാത്രി ചേർന്ന ഭരണഘടനാ സഭയിൽ എല്ലാ ഭാഗധേയങ്ങളുടെയും കാലത്തിന് ഇന്ന് അന്ത്യം കുറിക്കുകയാണെന്നും ഇന്ത്യ വീണ്ടും സ്വയം കണ്ടെത്തുകയാണെന്നും പറഞ്ഞാണ് ജവഹർലാൽ നെഹ്റു ബ്രിട്ടീഷുകാരിൽ നിന്ന് പരമാധികാരം ഏറ്റെടുത്തുള്ള പ്രതിജ്ഞക്കായി സഭാംഗങ്ങളെ വിളിച്ചത്.
ദാരിദ്ര്യത്തിനും വിശപ്പിനും രോഗങ്ങൾക്കും അന്ത്യം കുറിച്ചും വിവേചനവും ചൂഷണവും വിപാടനം ചെയ്തും മാന്യമായ ജീവിതാവസ്ഥ ഉറപ്പുവരുത്തുമെന്ന ഭരണഘടന അസംബ്ലി അധ്യക്ഷൻ ഡോ. രാജേന്ദ്രപ്രസാദിന്റെ പ്രഖ്യാപനത്തിന് ശേഷമായിരുന്നു ഇത്. സഭാ മന്ദിരത്തിന് പുറത്തുതടിച്ചുകൂടിയ ആയിരങ്ങളുടെ കരഘോഷങ്ങൾക്കും 'മഹാത്മഗാന്ധി കീ ജയ്' വിളികൾക്കുമിടയിൽ ഇന്ത്യൻ സ്ത്രീത്വത്തെ പ്രതിനിധീകരിച്ച് ഹസ്ന മേത്ത സ്വാതന്ത്ര്യത്തിന്റെ മൂവർണക്കൊടി ആകാശത്തേക്കുയർത്തി.
സ്വതന്ത്ര ഇന്ത്യയുടെ പിറവിക്ക് 75 വർഷം തികയുമ്പോൾ രാജ്യമൊട്ടുക്കും വിപുലമായ ആഘോഷപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. സ്വാതന്ത്ര്യദിനത്തലേന്ന് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു. 75ാം വാർഷികം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഒരു വർഷം നീളുന്ന വിവിധ ആഘോഷ പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. ഏറ്റവുമൊടുവിൽ എല്ലാ വീടുകളിലും മൂന്ന് ദിവസം ത്രിവർണ പതാക പാറിച്ച് 'ഹർ ഘർ തിരങ്ക' ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ഇതിനനുസൃതമായി വിവിധ സംസ്ഥാന സർക്കാറുകളും ത്രിവർണ പതാക ഉയർത്താനുള്ള പരിപാടികളുമായി രംഗത്തുവന്നു. 30 കോടി ദേശീയ പതാകകൾ 'ഹർ ഘർ തിരങ്ക'ക്കായി വിപണിയിൽ വിറ്റഴിച്ചെന്നാണ് കണക്ക്. കേരളത്തിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.