രാജ്യം വീണ്ടും കൽക്കരി ക്ഷാമത്തിലേക്ക്; വിവിധ സംസ്ഥാനങ്ങളിൽ പവർ കട്ട്
text_fieldsന്യൂഡൽഹി: രാജ്യം വീണ്ടും കൽക്കരി ക്ഷാമത്തിലേക്ക്. താപനിലയങ്ങളിലെ കൽക്കരി ശേഖരം കുറഞ്ഞതോടെ 12 സംസ്ഥാനങ്ങളിൽ ഊർജ പ്രതിസന്ധി രൂക്ഷമായി. ഇതേതുടർന്ന് ആന്ധ്ര പ്രദേശ്, ഝാർഖണ്ഡ്, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിൽ പവർ കട്ട് പ്രഖ്യാപിച്ചേക്കും.
റഷ്യ - യുക്രെയ്ൻ യുദ്ധം നടക്കുന്നതിനാൽ ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില ഉയർന്നതാണ് നിലവിലെ ക്ഷാമത്തിന് കാരണം. കടുത്ത വേനലും ഊർജാവശ്യം ഉയരാൻ കാരണമായി. ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ യോഗം ചേർന്നിരുന്നു.
അതേസമയം, മൂന്ന് സംസ്ഥാനങ്ങൾ 10.5 ദശലക്ഷം ടൺ കൽക്കരി വരും മാസങ്ങളിൽ ഇറക്കുമതി ചെയ്യാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് ഇറക്കുമതി ലക്ഷ്യമിടുന്നത്. പവർ കട്ടുകൾ തടയാൻ അധികൃതർ പരിശ്രമിക്കുന്നതിനിടെയാണിത്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കൽക്കരി ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഈ നീക്കം ആഗോള വിലയിൽ കൂടുതൽ വർധനവിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.