വാക്സിനാണ് രാജ്യത്തിനാവശ്യം, അതിനായി നിങ്ങൾ ശബ്ദമുയർത്തണം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യം നേരിടുന്ന കോവിഡ് വാക്സിൻ പ്രതിസന്ധിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'രാജ്യത്തിന് ആവശ്യം കോവിഡ് വാക്സിനാണ്. ഇതിനായി നിങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്. സുരക്ഷിതമായ ജീവിതത്തിന് എല്ലാവർക്കും അവകാശമുണ്ട്' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. എല്ലാവർക്കും വാക്സിൻ നൽകാൻ തുറന്ന് സംസാരിക്കണമെന്ന ഹാഷ്ടാഗോട് കൂടിയാണ് ട്വീറ്റ് പങ്കുെവച്ചിട്ടുള്ളത്.
രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടയിൽ വാക്സിൻ ക്ഷാമം നേരിടുന്നത് പ്രതിസന്ധി തീർക്കുന്നുണ്ട്. രാജ്യത്താകമാനം 1,68,912 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത്. 904 പേർ മരിക്കുകയും ചെയ്തു. പല സംസ്ഥാനങ്ങളിലും രണ്ട് ദിവസത്തേക്ക് മാത്രമുള്ള വാക്സിനാണ് ബാക്കിയുള്ളത്.
വാക്സിൻ വിതരണത്തിലെ കേന്ദ്രസർക്കാർ സമീപനത്തിനെതിരെ നേരത്തെയും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാറിന്‍റെ ദീർഘവീക്ഷണമില്ലായ്മയും കോവിഡ് പ്രതിരോധത്തിലെ അലംഭാവവും ശാസ്ത്രലോകവും വാക്സിൻ നിർമാതാക്കളും എടുത്ത പരിശ്രമത്തെ ദുർബലപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.
ആവശ്യക്കാർക്കെല്ലാം എത്രയും വേഗം വാക്സിൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അനിയന്ത്രിതമായി വാക്സിൻ കയറ്റിയയച്ചതും കേന്ദ്ര സർക്കാറിന്‍റെ പിടിപ്പുകേടുമാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.