എന്റെ പേര് തസ്‍ലീം അലി എന്നാണറിഞ്ഞപ്പോൾ അവർ എന്നെ അടിച്ചുവീഴ്ത്തി...
text_fieldsആ ദിവസം തസ്‍ലീം അലി ഒരിക്കലും മറക്കില്ല. അന്നായിരുന്നു ആദ്യമായി അയാൾ ഒരു പൊലീസ് സ്റ്റേഷനകം കാണുന്നത്. അതോർക്കുമ്പോൾ ഇപ്പോഴും അയാളുടെ നട്ടെല്ലിലൂടെ ഒരു വിറയൽ പാഞ്ഞുകയറുന്നു. ‘ഇപ്പോൾ ഞാൻ കുറ്റവിമുക്തനാണ്. എല്ലാവരോടും ഞാൻ ക്ഷമിക്കുന്നു. രാജ്യത്തിന്റെ ഭരണഘടനയിൽ ഞാൻ ഉറച്ചുവിശ്വസിച്ചു. ഇത്തിരി വൈകിയെങ്കിലും അർഹമായ നീതി എനിക്ക് ലഭിച്ചു...’ അത് പറയുമ്പോൾ പിന്നിട്ട സഹനത്തിന്റെ കനൽപാതകൾ അയാളുടെ മനസ്സിലുണ്ടായിരുന്നു.
2021ആഗസ്റ്റ് 21നായിരുന്നു സംഭവം. മധ്യപ്രദേശിലെ ബങ്കംഗ പൊലീസ് സ്റ്റേഷൻ പരിധിയിലെ ന്യൂ ഗോവിന്ദ് നഗറിൽ വളകൾ വിൽക്കുകയായിരുന്നു തസ്‍ലീം. ആരോ ഒരാൾ അയാളുടെ പേര് ചോദിച്ചു. തസ്‍ലീം അലി എന്നു പറയേണ്ട താമസം അടി വീണു. അയാളുടെ മൊബൈൽ വാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചു. ഉടൻ തന്നെ ഒരുകൂട്ടം അയാളെ ആക്രമിക്കാൻ തുടങ്ങി. എന്തിനാണ് തന്നെ ഈ ജനക്കൂട്ടം മർദിക്കുന്നതെന്നുപോലും തസ്‍ലീമിന് ആദ്യം മനസ്സിലായില്ല. അയാളുടെ സാധനങ്ങൾ ആളുകൾ കൊള്ളയടിച്ചു. അവർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഉടൻ അത് വൈറലാവുകയും ചെയ്തു.
സംഭവത്തെകുറിച്ച് പരാതി നൽകാൻ സ്റ്റേഷനിലെത്തിയ തസ്‍ലീമിനും കൂട്ടർക്കുമെതിരെ കേസ് എടുക്കുകയാണ് പൊലീസ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നും അയാളുടെ പക്കൽ നിന്നും രണ്ട് ആധാർ കാർഡുകൾ കിട്ടിയെന്നുമായിരുന്നു ആരോപണം.
ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയും ഏഴംഗ കുടുംബത്തിന്റെ ഏക അത്താണിയുമായിരുന്ന തസ്‍ലീം കുറച്ചുകൂടി മെച്ചപ്പെട്ട ജീവിതം തേടിയായിരുന്നു മധ്യപ്രദേശിലെത്തിയത്. വള വിൽക്കുന്നതിനിടയിൽ കൊച്ചു പെൺകുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചായിരുന്നു ആൾക്കൂട്ടം അയാളെ മർദിച്ചത്. 108 ദിവസം അയാൾക്ക് ജയിലിൽ കിടക്കേണ്ടിവന്നു.
‘ഞങ്ങളുടെ ഗ്രാമക്കാർ പരമ്പരാഗതമായി വള നിർമിച്ചു വിൽക്കുന്നവരാണ്. ആ സംഭവം വലിയ ആഘാതമായി. പക്ഷേ, ആരും ഞങ്ങളെ അതിന്റെ പേരിൽ അപകീർത്തിപ്പെടുത്തിയില്ല. അതൊരു കള്ള കേസാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. എനിക്കും മൂന്നു പെൺകുട്ടികളാണുള്ളത്... എന്റെ കുടുംബം മുഴുവനും എന്നെ കാണാൻ ജയിലിലെത്തിയിരുന്നു.’ തസ്‍ലീം പറയുന്നു.
ഒരുകൂട്ടം സാമൂഹ്യ പ്രവർത്തകരാണ് തസ്‍ലീമിനായി രംഗത്തിറങ്ങിയത്. അവർ നടത്തിയ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് മൂന്നു വർഷത്തിനു ശേഷം തസ്‍ലീം കുറ്റവിമുക്തനായത്. മധ്യപ്രദേശിലെ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സിന്റെ (APCR) സംസ്ഥാന കോർഡിനേറ്ററും തസ്‍ലീമിനെ പിന്തുണച്ച 28 വ്യക്തികളിൽ ഒരാളുമായ സായിദ് പത്താൻ പറയുന്നത് ഇങ്ങനെയാണ്. ‘സംഭവത്തിൽ പൊലീസിന്റെ സഹായം തേടിയ ഞങ്ങൾക്കെതിരെ കലാപത്തിന് പ്രേരിപ്പിച്ചതിനും സമാധാനം തകർക്കുന്നതിനും കേസെടുക്കുകയാണ് അവർ ചെയ്തത്. തസ്‍ലീം കുറ്റവിമുക്തനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.’
തസ്‍ലീം പീഡിപ്പിച്ചുവെന്ന് പറഞ്ഞ പെൺകുട്ടി തസ്‍ലീമിനെ അറിയില്ലെന്ന് പറഞ്ഞതാണ് കേസിൽ വഴിത്തിരിവായത്. കൂടാതെ തസ്‍ലീമിനെ അറസ്റ്റ് ചെയ്ത് മൂന്നു ദിവസം കഴിഞ്ഞാണ് പൊലീസ് പെൺകുട്ടിയൂടെ മൊഴി രേഖപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തിയതും കേസിൽ നിർണായകമായെന്ന് തസ്‍ലീമിന്റെ അഭിഭാഷകൻ ശൈഖ് അലീം പറഞ്ഞു. രണ്ട് ആധാർ കണ്ടെത്തി എന്നത് വ്യാജ ആരോപണമായിരുന്നു എന്ന് തെളിഞ്ഞു. എഴുത്തും വായനയും അറിയാത്ത തസ്‍ലീമിന്റെ പക്കൽ ഉണ്ടായിരുന്ന ആധാർ രണ്ടും ഒന്നു തന്നെയാണെന്നും കോടതിക്ക് ബോധ്യമായി.
കെട്ടിച്ചമച്ച കേസാണെന്ന് വ്യക്തമായതോടെ കോടതി തസ്‍ലീമിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. പക്ഷേ, അതിനായി അയാൾക്ക് മൂന്നു വർഷം എല്ലാം ഉപേക്ഷിച്ച് കോടതിവരാന്ത കയറിയിറങ്ങേണ്ടിവന്നു. ഇതിഷാം ഹാഷ്മി എന്ന സുപ്രീം കോടതി അഭിഭാഷകനായിരുന്നു കേസിന്റെ തുടക്കത്തിൽ തസ്‍ലീമിനായി കോടതിയിൽ ഹാജരായത്. നിർഭാഗ്യവശാൽ 2023 ഫെബ്രുവരിയിൽ അദ്ദേഹം നിര്യാതനായി.
ഡൽഹിയിൽ നിന്നും ഇൻഡോറിലേക്ക് സ്വന്തം ചെലവിൽ പറന്നായിരുന്നു ഇതിഷാം ഹാഷ്മി തസ്‍ലീമിന്റെ കേസ് വാദിക്കാൻ എത്തിയതെന്ന് ഹാഷ്മിയുടെ ജൂനിയറായ ജൽവന്ത് സിങ് ചൗഹാൻ ഓർമിക്കുന്നു. ഹാഷ്മിയുടെ ഇടപെടലാണ് തസ്‍ലിമിന് ജാമ്യം നേടിക്കൊടുത്തത്.
‘അദ്ദേഹത്തിനു കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ലായിരുന്നു. ഞാൻ നിരപരാധിയാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഒരു പൈസ പോലും വാങ്ങാതെ എനിക്കുവേണ്ടി അദ്ദേഹം കേസ് വാദിച്ചത്. അദ്ദേഹമാണ് എനിക്ക് ജീവിതത്തിന്റെ കര കാണിച്ചുതന്നത്’ - തസ്‍ലീം അഡ്വ. ഹാഷ്മിയെ അനുസ്മരിക്കുന്നു. ഇപ്പോൾ മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് തസ്‍ലീം വള കച്ചവടം നടത്തുന്നത്. അതും ഉത്സവ സ്ഥലങ്ങളിൽ മാത്രം. വീടുകയറിയുള്ള കച്ചവടം അയാൾ അവസാനിപ്പിച്ചു.
(കടപ്പാട്: ദ ക്വിന്റ്.കോം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.