കോടതി തീരുമാനിക്കും; റാം റഹീമിന് പരോൾ അനുവദിച്ചതിൽ പ്രതികരിച്ച് മനോഹർ ലാൽ ഖട്ടർ
text_fieldsചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് പരോൾ അനുവദിച്ചതിൽ തനിക്ക് പങ്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പീഡന- കൊലപാതകക്കേസുകളിൽ 20 വർഷമായി ജയിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീതിന് 40 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്.
'ജാമ്യവും പരോളും അനുവദിക്കൽ കോടതിയുടെ പരിധിയിൽ വരുന്ന കാര്യമാണ്. എനിക്ക് ഇക്കാര്യത്തിൽ പങ്കില്ല. ആർക്ക് പരോൾ നൽകണമെന്ന് തീരുമാനിക്കുന്നത് കോടതിയാണ്. ഈ വിഷയത്തെ കുറിച്ച് കൂടുതൽ പറയാൻ ആഗ്രഹിക്കുന്നില്ല' -ഖട്ടർ പറഞ്ഞു.
ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധാമി റാം റഹീമിനെ 'സാമൂഹിക വിരുദ്ധനെ'ന്ന് വിശേഷിപ്പിക്കുകയും പഞ്ചാബിൽ 'ദേര' തുറക്കുമെന്ന അയാളുടെ പ്രഖ്യാപനത്തെ എതിർക്കുകയും ചെയ്തു.
ദേര തുറക്കുമെന്ന പ്രഖ്യാപനം സിഖ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇത് പഞ്ചാബിന്റെ സമാധാന അന്തരീക്ഷം തകർക്കുമെന്നും ധാമി പറഞ്ഞു. റാം റഹീമിന്റെ പരോൾ ഉത്തരവ് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനെ സാരമായി ബാധിക്കും.
അതേസമയം കർണാൽ മേയർ രേണു ബാല ഗുപ്തയും നിരവധി ബി.ജെ.പി പ്രവർത്തകരും പീഡനക്കേസിലെ കുറ്റവാളിയുടെ വെർച്വൽ 'സത്സംഗ'ത്തിൽ പങ്കെടുത്തതിനെതിരെ തൃണമൂൽ എം.പി മഹുവ മൊയ്ത്ര രംഗത്തെത്തി. 2017ൽ പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് റാം റഹീമിന് ശിക്ഷ വിധിച്ചത്. 2002ൽ മുൻ ദേര മാനേജർ രഞ്ജിത് സിങ്ങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് റാം റഹീമും സഹായികളും കുറ്റക്കാരാണെന്ന് 2021ൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.