കാമ്പസ് ഫ്രണ്ട് നേതാവിന് പി.ജി പരീക്ഷയെഴുതാൻ ജയിലിൽ സൗകര്യമൊരുക്കാൻ കോടതി നിർദേശം
text_fieldsഅലഹബാദ്: കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി റഊഫ് ശരീഫിന് എം.എ പരീക്ഷ എഴുതാൻ അലഹബാദ് ഹൈകോടതിയുടെ അനുമതി. ഇഗ്നൊയുടെ എം.എ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷ എഴുതാനാണ് ലഖ്‌നൗ ബെഞ്ച് അനുമതി നല്‍കിയത്. ഹാഥ്റസ് യു.എ.പി.എ കേസിൽ 21 മാസമായി ലഖ്‌നൗ ജയിലില്‍ കഴിയുന്ന റഊഫ് ഇതിനകത്തു വെച്ചാണ് പഠനം പൂർത്തിയാക്കിയത്.
ജയില്‍ മാന്വല്‍ പ്രകാരം പരീക്ഷയെഴുതാന്‍ അനുമതിയില്ലെന്ന് അധികൃതര്‍ അറിയിച്ചതിനാലാണ് ആഗസ്റ്റ് അഞ്ചിന് ഹൈകോടതിയെ സമീപിച്ചത്. ലഖ്‌നൗ മോഡല്‍ ജയിലില്‍ റഊഫിന് പരീക്ഷയെഴുതാനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ആഗസ്റ്റ് 24നാണ് പരീക്ഷ തുടങ്ങുന്നത്.
2020 ഡിസംബര്‍ 12നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് കള്ളപ്പണ ഇടപാട് ആരോപിച്ച് റഊഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്. 2.31 കോടി രൂപ അക്കൗണ്ടില്‍ വന്നു എന്നായിരുന്നു ഇ.ഡി വാദം. ഈ കേസില്‍ കോടതി ജാമ്യം നല്‍കിയെങ്കിലും ഹാഥ്റസ് കേസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് പണം നല്‍കിയെന്ന മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ ചുമത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.