കോടതി ഇടപെട്ടു; വിദ്വേഷ പ്രസംഗത്തിൽ ബി.ജെ.പി എം.എൽ.എ രാജാ സിങ്ങിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്
text_fieldsമുംബൈ: മീര റോഡിൽ നടന്ന റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിൽ തെലങ്കാന ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്ങിനെതിരെ കേസെടുത്ത് മുംബൈ പൊലീസ്. വിദ്വേഷ പ്രസംഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് അഞ്ചുപേർ ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് രാജ സിങ്ങിനെതിരെ പൊലീസ് കേസെടുത്തത്. ഇവന്റ് ഓർഗനൈസർ നരേഷ് നൈലിനേയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
ജനുവരി 21ന് മീര നഗറിൽ രണ്ട് മതവിഭാഗങ്ങൾക്കിടയിൽ കലാപം പുറപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഫെബ്രുവരി 25 ന് മീര നഗറിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് രാജ സിങ് നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രത്യേക മത വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിലും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പരാമർശം നടത്തിയത്. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്.
രാജാ സിങ്ങിനും നരേഷ് നൈലിനും എതിരെ മീരാ റോഡ് പോലീസ് സെക്ഷൻ 153എ, സെക്ഷൻ 188,സെക്ഷൻ 295 എ, സെക്ഷൻ 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം ടി. രാജയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.