നിങ്ങളൊരു താരമായിരിക്കാം; ഇവിടെ നിങ്ങൾ കുറ്റാരോപിതയാണെന്ന് കങ്കണയോട് കോടതി
text_fieldsമുംബൈ: നിങ്ങൾ തിരക്കേറിയ താരമായിരിക്കാം. എന്നാൽ, ഇവിടെ നിങ്ങൾ കുറ്റാരോപിതയാണ് -ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ മാനനഷ്ട കേസിൽ ഹാജരാകുന്നതിൽനിന്ന് സ്ഥിരമായി ഒഴിവാക്കണമെന്ന നടി കങ്കണ റണാവത്തിന്റെ ഹരജി തള്ളി അന്ധേരി മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.ആർ. ഖാൻ പറഞ്ഞു.
ജഡ്ജിയിൽ വിശ്വാസമില്ലെന്ന് പറഞ്ഞും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടും നൽകിയ ഹരജി തള്ളിയതിന് പിന്നാലെയാണ് നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന ഹരജി കങ്കണ നൽകിയത്.
ഹിന്ദി സിനിമയിലെ തിരക്കേറിയ നടിയാണ് താനെന്നും നിരന്തരം യാത്ര വേണ്ടിവരുന്നുവെന്നും പറഞ്ഞ കങ്കണ അതിനാൽ കേസ് തന്റെ അഭിഭാഷകർ നോക്കുമെന്നും പറഞ്ഞിരുന്നു.
തന്റെ ഇഷ്ടത്തിന് കാര്യങ്ങൾ നടക്കണമെന്നാണ് കങ്കണ ആഗ്രഹിക്കുന്നതെന്ന് കോടതി വിമർശിച്ചു. കേസിൽ കുറ്റംചുമത്തൽ പോലും നടക്കാനിരിക്കെ നടിയുടെ അപേക്ഷ അനുവദിക്കാനാകില്ല.
താരമായതിനാൽ തിരക്കുണ്ടാകുമെന്നതിൽ സംശയമില്ല. എന്നാൽ, നിങ്ങളിവിടെ കുറ്റാരോപിതയാണെന്ന കാര്യം മറക്കരുത്. കോടതി നടപടികളിങ്ങനെ ഇഴഞ്ഞാൽ അത് വയോധികനായ ഹരജിക്കാരനിൽ മുൻവിധിയുണ്ടാക്കും -കോടതി പറഞ്ഞു. ചൊവ്വാഴ്ചയാണ് കങ്കണയുടെ ഹരജി തള്ളിയതെങ്കിലും വ്യാഴാഴ്ചയാണ് വിധി പകർപ്പ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.