പ്രതിപക്ഷത്തെ പുറത്തിരുത്തി ക്രിമിനൽ നിയമവ്യവസ്ഥ പൊളിച്ചെഴുതി
text_fieldsന്യൂഡൽഹി: കൂട്ട സസ്പെൻഷനിലൂടെ ശൂന്യമായ പ്രതിപക്ഷ ബെഞ്ചുകളെ സാക്ഷിനിർത്തി രാജ്യത്തിന്റെ ക്രിമിനൽ നിയമവ്യവസ്ഥ അപ്പാടെ പൊളിച്ചെഴുതുന്ന മൂന്ന് സുപ്രധാന ബില്ലുകൾ ലോക്സഭ പാസാക്കി. പാർലമെന്റ് സുരക്ഷ വീഴ്ചയിൽ സഭക്കകത്ത് പ്രസ്താവന നടത്തില്ലെന്ന നിലപാട് കൈക്കൊണ്ട ആഭ്യന്തര മന്ത്രി അമിത് ഷാ ബില്ലിന്മേൽ നടന്ന ഏകപക്ഷീയമായ ചർച്ചക്ക് മറുപടി നൽകാനെത്തി പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയും പരിഹസിക്കുകയും ചെയ്തു. രാജ്യസഭയിൽ മൂന്ന് ബില്ലുകളും വ്യാഴാഴ്ച ഒരുമിച്ച് ചർച്ചക്കെടുത്ത് പാസാക്കാനാണ് സർക്കാറിന്റെ നീക്കം.
1860ലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിന് (ഐ.പി.സി.) പകരം ഭാരതീയ ന്യായ സംഹിത, 1898ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരം (സി.ആര്.പി.സി) ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്നീ ബില്ലുകളാണ് ലോക്സഭ ശബ്ദവോട്ടോടെ പാസാക്കിയത്. കേരളത്തിൽനിന്നുള്ള എ.എം ആരിഫ് (സി.പി.എം), തോമസ് ചാഴികാടൻ (കേരള കോൺഗ്രസ്-എം) എന്നീ രണ്ട് എം.പിമാരെക്കൂടി സസ്പെൻഡ് ചെയ്ത് ഇൻഡ്യ സഖ്യത്തിന്റെ ബെഞ്ച് ശൂന്യമായ ശേഷമാണ് ബില്ലിന്മേൽ നടന്ന ചർച്ചക്ക് മറുപടി പറയാനും ബില്ലുകൾ പാസാക്കാനുമായി അമിത് ഷാ എത്തിയത്.
ചർച്ചയിൽ പങ്കെടുത്ത 35 പേരിൽ എൻ.ഡി.എക്ക് പുറമെ ബിജു ജനതാദൾ, വൈ.എസ്.ആർ.സി.പി തുടങ്ങിയ പാർട്ടികളും ബില്ലിനെ പിന്തുണച്ചു. 97 പേരുടെ സസ്പെൻഷനും അവശേഷിക്കുന്നവരുടെ ബഹിഷ്കരണത്തോടെയും ഇൻഡ്യ സഖ്യം പൂജ്യമായ സഭയിൽ ബില്ലിനെ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമൂന്റെ അസദുദ്ദീൻ ഉവൈസിയും ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗറും എതിർത്തു. ആഗസ്റ്റില്‍ അവതരിപ്പിച്ച ബില്ലുകള്‍ പിന്‍വലിച്ച് ഭേദഗതി വരുത്തിയശേഷമാണ് വീണ്ടും അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.