അതീഖിന്റെയും അഷ്റഫിന്‍റെയും മൃതദേഹങ്ങൾ ഖബറടക്കി
text_fieldsപ്രയാഗ്‌രാജ്: വെടിയേറ്റു മരിച്ച അതീഖ് അഹ്മദ്, സഹോദരൻ അഷ്‌റഫ് എന്നിവരുടെ മൃതദേഹങ്ങൾ കനത്ത സുരക്ഷയിൽ ഞായറാഴ്ച പ്രയാഗ്‌രാജിലെ സ്വന്തം ഗ്രാമത്തിൽ ഖബറടക്കി. പോസ്റ്റ്‌മോർട്ടത്തിനുശേഷം വൈകീട്ട് 6.30ഓടെ മൃതദേഹങ്ങൾ കസരി മസാരി ഖബർസ്ഥാനിൽ കൊണ്ടുവന്നു. മരണാനന്തര ചടങ്ങുകൾ പൂർത്തിയാകാൻ രണ്ടു മണിക്കൂറോളമെടുത്തു. അതീഖ് അഹ്മദിന്റെ മകൻ, പൊലീസ് വെടിവെച്ചു കൊന്ന അസദ് അഹ്മദിന്റെ ഖബറടക്കവും ശനിയാഴ്ച ഇതേ ഖബർസ്ഥാനിലായിരുന്നു.
കുറച്ച് അകന്ന ബന്ധുക്കളും നാട്ടുകാരും മാത്രമാണ് ഖബർസ്ഥാനിലുണ്ടായിരുന്നത്. തിരിച്ചറിയിൽ രേഖ പരിശോധിച്ചാണ് മരണാനന്തര ചടങ്ങിൽ പ്രവേശനം നൽകിയത്. പങ്കെടുക്കാൻ അനുമതിയുള്ളവരുടെ പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്തു. മാധ്യമപ്രവർത്തകർക്ക് പ്രവേശനമുണ്ടായിരുന്നില്ല.
ഉമേഷ് പാൽ വധക്കേസിൽ ഒളിവിൽ കഴിയുന്ന അതീഖ് അഹ്മദിന്റെ ഭാര്യ ഷൈസ്ത പർവീൻ സംസ്‌കാര ചടങ്ങിനെത്തിയില്ല. സുരക്ഷക്കായി ദ്രുതകർമസേന ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
അതീഖ് അഹ്മദിന്റെ അഞ്ചു മക്കളിൽ മൂന്നാമനാണ് കൊല്ലപ്പെട്ട അസദ് അഹ്മദ്. വ്യത്യസ്ത കേസുകളിൽ മൂത്ത മകൻ ഉമർ ലഖ്‌നോ ജയിലിലും രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജയിലിലുമാണ്. നാലാമത്തെ മകൻ അഹ്ജാമും ഇളയവൻ അബാനും പ്രയാഗ്‌രാജിലെ ജുവനൈൽ ഹോമിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.