'പരേതൻ' പന്ത്രണ്ടാം നാൾ തിരിച്ചെത്തി; തിരിച്ചുവരവ് അന്ത്യകർമങ്ങൾ നടത്തുന്നതിനിടെ
text_fieldsഭോപാൽ: മരിച്ചെന്ന് കരുതി കുടുംബം അന്ത്യകർമങ്ങൾ നടത്തുന്നതിനിടെ 'പരേതൻ' തിരിച്ചെത്തി. മധ്യപ്രദേശിലെ ഷിയോപൂർ സ്വദേശിയായ സുരേന്ദ്ര ശർമ ആണ് അന്ത്യകർമങ്ങൾക്കിടെ വീട്ടിലേക്ക് തിരിച്ചെത്തുന്നത്.
അടുത്തിടെ രാജസ്ഥാനിലെ സവായ് മധോപൂരിനടുത്ത് സുർവാളിൽ നടന്ന അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് പ്രചരിച്ചത്. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടവരിൽ ഒരാൾ സുരേന്ദ്ര ശർമയാണെന്ന് ലച്ചോഡ ഗ്രാമത്തിലെ ഒരു കുടുംബം തിരിച്ചറിയുന്നത്. പിന്നാലെ ഇയാളെ ജയ്പൂരിലേക്ക് ചികിത്സക്കായി കൊണ്ടുപോയി. എന്നാൽ ചികിത്സക്കിടെ സുരേന്ദ്ര മരണപ്പെട്ടുവെന്ന് ഡോക്ടർമാർ അറിയിച്ചു. മരിച്ചയാൾ സുരേന്ദ്രയാണെന്ന് കുടുംബം ആദ്യം തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പിന്നാലെ പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.
മെയ് 28നായിരുന്നു മൃതദേഹം കുടുംബം സംസ്കരിച്ചത്. പതിമൂന്നാം ദിവസം നടത്തേണ്ട ചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സുരേന്ദ്ര വീട്ടിലേക്ക് തിരിച്ചെത്തുന്നത്. സുരേന്ദ്രന്റെ മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് പരേതനായ സുരേന്ദ്രൻ കുടുംബത്തെ ഫോണിൽ ബന്ധപ്പെടുന്നത്. ആദ്യം തമാശയാണെന്ന് കരുതിയെങ്കിലും പിന്നീട് വീഡിയോ കാളിലൂടെ സുരേന്ദ്രനാണെന്ന് സ്ഥിരീകരിക്കാൻ കുടുംബം ആവശ്യപ്പെടുകയായിരുന്നു. വിളിച്ചത് സുരേന്ദ്രൻ തന്നെയാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടൻ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. തന്റെ ഫോൺ രണ്ട് മാസത്തോളമായി പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞതായാണ് റിപ്പോർട്ട്.
സുർവാളിൽ ഒരാൾ അപകടത്തിൽ മരിച്ചതോടെയാണ് ആശയക്കുഴപ്പം തുടങ്ങിയത്. ഷിയോപൂരിലെ ഒരു റോഡരികിലെ റസ്റ്റോറൻ്റിൽ നിന്നുള്ള ഭക്ഷണ ബിൽ ഇയാളുടെ പോക്കറ്റിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
സാമൂഹ്യ പ്രവർത്തകനായ ബിഹാരി സിംഗ് സോളങ്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോ സുരേന്ദ്രയുടേതാണെന്ന് തെറ്റിദ്ധരിച്ച് കുടുംബം അന്ത്യകർമങ്ങൾ നടത്തി. എല്ലാം ആചാരങ്ങളോടു കൂടിയാണ് അജ്ഞാതൻറെ മൃതദേഹം സംസ്കരിച്ചതെന്ന് സുരേന്ദ്രയുടെ മാതാവ് കൃഷ്ണ ദേവി പറഞ്ഞു.
മരണപ്പെട്ടത് സുരേന്ദ്രൻ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബത്തെ കൂടുതൽ അന്വേഷണത്തിനായി വിളിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.