കാപ്പനൊപ്പം അറസ്റ്റിലായ ഡ്രൈവർ ആലം ജയിൽ മോചിതനായി
text_fieldsന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത വാഹനത്തിന്റെ ഡ്രൈവർ മുഹമ്മദ് ആലം ഒടുവിൽ ജയിൽ മോചിതനായി. കോടതിവിധികൾ വന്നിട്ടും കാപ്പനെപ്പോലെ ആലമിന്റെ ജയിൽവാസവും നീളുകയായിരുന്നു.
823 ദിവസത്തിനുശേഷമാണ് അദ്ദേഹം ലഖ്നോ ജയിലിൽനിന്ന് മോചിതനായത്. കോടതിവിധി പ്രകാരമുള്ള ആൾജാമ്യവുമായി ആളുകൾ ഹാജരായിട്ടും അവർ സമർപ്പിച്ച രേഖകളുടെ പരിശോധന പൂർത്തിയായില്ലെന്നുപറഞ്ഞാണ് യു.പി ഭരണകൂടം ആലമിന്റെ മോചനം നീട്ടിക്കൊണ്ടുപോയത്.
ദലിത് യുവതിയുടെ കൂട്ടമാനഭംഗക്കൊല നടന്ന ഹാഥറസിലേക്കുള്ള വഴിമധ്യേ 2020 ഒക്ടോബർ അഞ്ചിനാണ് കാമ്പസ് ഫ്രണ്ട് ഭാരവാഹികളും വിദ്യാർഥി നേതാക്കളുമായ അതീഖുർറഹ്മാന്റെയും മസൂദ് അഹ്മദിന്റെയും കൂടെ ഇരുവരും അറസ്റ്റിലായത്. ഭീകരനിയമമായ യു.എ.പി.എയും അനധികൃത പണമിടപാടിനുള്ള കുറ്റവും ചുമത്തി ജയിലിലടച്ച ഇവരിൽ ഡ്രൈവർ മുഹമ്മദ് ആലമിനാണ് 2022 ആഗസ്റ്റ് 23ന് ആദ്യമായി ജാമ്യം അനുവദിച്ചത്.
50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകക്കുള്ള മറ്റു രണ്ടാളുകളുടെ ജാമ്യവുമാണ് യു.എ.പി.എ കേസിൽ മോചനത്തിന് അലഹബാദ് ഹൈകോടതി നിർദേശിച്ച ഉപാധി. ഇതിനുശേഷം ഒക്ടോബർ 31ന്, അനധികൃത പണമിടപാട് കേസിൽ പ്രത്യേക ലഖ്നോ കോടതിയും ആലമിന് ജാമ്യം അനുവദിച്ചു.
20,000 രൂപയുടെ സ്വന്തം ജാമ്യവും തത്തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യവുമായിരുന്നു ഈ കേസിൽ വ്യവസ്ഥ വെച്ചത്. ജയിൽ മോചനത്തിനുള്ള എല്ലാ തടസ്സവും നീങ്ങിയ ആലമിനെ ഈ വിധിവന്ന് രണ്ടുമാസമായിട്ടും വിട്ടയക്കാൻ യു.പി ഭരണകൂടം തയാറായില്ല. ഇതിനു പിന്നാലെയാണ് രണ്ട് കേസുകളിലും കാപ്പനും ജാമ്യം ലഭിച്ചത്.
സിദ്ദീഖ് കാപ്പന് സെപ്റ്റംബർ ഒമ്പതിനാണ് സുപ്രീംകോടതി യു.എ.പി.എ കേസിൽ ജാമ്യം അനുവദിച്ചത്. എന്നാൽ, മൂന്നുമാസമായി പൂർത്തിയാകാത്ത ജാമ്യരേഖകളുടെ പരിശോധന കഴിഞ്ഞ് കാപ്പന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ച ശേഷമാണ് ആ കേസിൽ നടപടികൾ പൂർത്തിയാവുക. പണമിടപാട് കേസിലും ഇതേ നടപടികളുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.