മോദിക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന് അനക്കമില്ല; കോൺഗ്രസ് നിയമനടപടിക്ക്
text_fieldsഗുവാഹതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാത്തതിനെ തുടർന്ന് പാർട്ടി നിയമവഴി സ്വീകരിക്കാനൊരുങ്ങുകയാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേത്. തെരഞ്ഞെടുപ്പ് കമീഷൻ പോലുള്ള ഭരണഘടന സ്ഥാപനങ്ങളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ അത് പുനഃസ്ഥാപിക്കാനുള്ള ബാധ്യത അവർക്കുണ്ടെന്നും സുപ്രിയ കൂട്ടിച്ചേർത്തു.
ജനങ്ങളുടെ സ്വത്ത് പിടിച്ചെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യാനാണ് കോൺഗ്രസ് പ്രകടനപത്രികയിലുള്ളതെന്ന മോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് നേതാക്കൾ തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടിയൊന്നുമെടുത്തിട്ടില്ല. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് ഞങ്ങൾ കരുതിയിരുന്നത്. ഇപ്പോൾ കുറഞ്ഞ പ്രതീക്ഷ മാത്രമേയുള്ളൂ -അവർ പറഞ്ഞു.
അതേസമയം, പ്രകടനപത്രിക സംബന്ധിച്ച മോദിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തി. മോദിയുടെ ഭരണകാലയളവിൽ സൃഷ്ടിക്കപ്പെട്ട സമ്പത്തിന്റെ 40 ശതമാനത്തിലധികവും ജനസംഖ്യയുടെ ഒരു ശതമാനം പേർക്കാണ് ലഭിച്ചത്.
രാജ്യത്തെ 21 കോടീശ്വരന്മാരുടെ സ്വത്തിന്റെ കണക്കെടുത്താൽ 70 കോടി ഇന്ത്യക്കാരുടേതിന് തുല്യമാണ്. എല്ലാവരെയും ഉൾക്കൊണ്ടുള്ള സാമ്പത്തിക വളർച്ച കൈവരിക്കാൻ ഇൻഡ്യ സഖ്യ സർക്കാറിന് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പിനുശേഷമുള്ള നിരാശ മറികടക്കാനാണ് യഥാർഥ പ്രശ്നങ്ങൾ ജനങ്ങളിൽനിന്ന് മറച്ചുവെച്ച് കള്ളങ്ങളും വിദ്വേഷപ്രചാരണവുമായി മോദി രംഗത്തെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.