പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്ന ‘ദി വയറി’ന്റെ റിപ്പോര്‍ട്ട് തള്ളി തെരഞ്ഞെടുപ്പ് കമീഷന്‍
text_fieldsമുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് എണ്ണിയെന്നുള്ള ‘ദി വയർ’ ഓൺലൈൻ പോർട്ടൽ പുറത്തുകൊണ്ടു വന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി. റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ചൂണ്ടിക്കാട്ടി. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണ്. റിപ്പോര്‍ട്ടില്‍ 5,38,225 വോട്ടുകള്‍ കണക്കാക്കിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്നായിരുന്നു ‘ദി വയര്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിങ് ശതമാനം എന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ വ്യക്തമാക്കി. ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് ദിവസം പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 504,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ‘ദി വയര്‍’ വ്യക്തമാക്കിയത്.
മഹാരാഷ്ട്രയില്‍ ആകെയുള്ള 288 നിയമസഭാ സീറ്റുകളില്‍ എട്ടുമണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കുറവായിരുന്നു എണ്ണിയ വോട്ടുകളുടെ എണ്ണം. ബാക്കിയുള്ള 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയിരുന്നു. പോള്‍ ചെയ്തതിനേക്കാള്‍ 4,538 വോട്ടുകള്‍ കൂടുതല്‍ എണ്ണിയ അഷ്തി മണ്ഡലത്തിലും 4,155 വോട്ടുകളുടെ വ്യത്യാസമുള്ള ഒസ്മാനാബാദ് മണ്ഡലത്തിലുമാണ് പൊരുത്തക്കേടുകള്‍ സംഭവിച്ചതെന്നും ‘ദി വയര്‍’ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.