തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം എട്ടു മുതൽ ജമ്മു-കശ്മീരിൽ സന്ദർശനം നടത്തും
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം അവലോകനം ചെയ്യാൻ അടുത്തയാഴ്ച ജമ്മു കശ്മീർ സന്ദർശിക്കുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, എസ്.എസ്. സന്ധു എന്നിവരാണ് ആഗസ്റ്റ് എട്ടു മുതൽ 10 വരെ ജമ്മു കശ്മീർ സന്ദർശിക്കുക. സന്ദർശന വേളയിൽ ശ്രീനഗറിലെയും ജമ്മുവിലെയും ഭരണാധികാരികളുമായും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തും.സെപ്റ്റംബർ അവസാനത്തോടെയാകും തെരഞ്ഞെടുപ്പ് നടത്തുക.
എല്ലാ ജില്ലകളിലെയും തെരഞ്ഞെടുപ്പ് ഓഫിസർമാർ, പൊലീസ് സൂപ്രണ്ടുമാർ, ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എന്നിവരുമായി കമ്മീഷൻ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യും. ഓഗസ്റ്റ് 10ന് ജമ്മുവിൽ എൻഫോഴ്‌സ്‌മെന്റ് ഏജൻസികളുമായുള്ള അവലോകന യോഗത്തിൽ കമ്മീഷൻ സംബന്ധിക്കും.
ജമ്മു-കശ്മീരിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സജീവ പങ്കാളിത്തം നിയമസഭാ തെരഞ്ഞെടുപ്പിന് വലിയ പോസിറ്റീവ് ആണെന്ന് രാജീവ് കുമാർ പറഞ്ഞു. സെപ്റ്റംബർ 30നകം ജമ്മു-കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കഴിഞ്ഞ ഡിസംബറിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിരുന്നു. നിലവിൽ 90 സീറ്റുകളാണ് ജമ്മു-കശ്മീരിൽ ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.