ഡൽഹി മുനിസിപ്പൽ കോർപറേഷൻ: പുതിയ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നവംബർ 14ന്
text_fieldsന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ പുതിയ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് നവംബർ 14ന് നടക്കും. പട്ടിക വിഭാഗത്തിൽ നിന്നുള്ള കൗൺസിലർ ആണ് ഈ വർഷം മേയർ പദവിയിൽ എത്തുക.
വിവിധ സാമൂഹിക വിഭാഗങ്ങളിൽ നിന്നാണ് കോർപറേഷനിലെ മേയറിനെ തെരഞ്ഞെടുക്കുന്നത്. ആദ്യ വർഷം വനിത, രണ്ടാം വർഷം ജനറൽ, മൂന്നാം വർഷം സംവരണ വിഭാഗം നാലും അഞ്ചും വർഷം ജനറൽ എന്നിങ്ങനെ ഓരോ വർഷവും പുതിയ മേയറെ തെരഞ്ഞെടുക്കണമെന്നാണ് ഡൽഹി കോർപറേഷൻ ചട്ടം അനുശാസിക്കുന്നത്. മാർച്ച് മാസത്തോടെയാണ് ഓരോ വർഷവും കാലാവധി തീരുക.
2023 ഫെബ്രുവരി 22ന് നടന്ന മേയർ തെരഞ്ഞെടുപ്പിൽ ആപ്പിന്റെ ഷെല്ലി ഒബ്റോയ് ബി.ജെ.പിയുടെ രേഖ ഗുപ്തയെ 34 വോട്ടിന് തോൽപിച്ചാണ് മൂന്ന് കോർപറേഷനുകൾ ഒന്നാക്കിയ ശേഷമുള്ള ഡൽഹിയുടെ ആദ്യ മേയറായത്.
250 അംഗ കോർപറേഷനിൽ 134 കൗൺസിലർമാരാണ് ആം ആദ്മി പാർട്ടിക്കുള്ളത്. ബി.ജെ.പിക്ക് 105 അംഗങ്ങളും. സ്വതന്ത്രനായി വിജയിച്ച ഒരാൾ ബി.ജെ.പിയിൽ ചേർന്നതോടെയാണ് അംഗങ്ങൾ 105 ആയത്. കോൺഗ്രസിന് എട്ട് കൗൺസിലർമാരാണുള്ളത്.
കോർപറേഷൻ തെരഞ്ഞെടുപ്പ് 2022 ഡിസംബറിലാണ് നടന്നത്. ഇതിനുശേഷം മൂന്നു തവണ യോഗം ചേർന്നിരുന്നുവെങ്കിലും നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങളുടെ വോട്ടിങ്ങുമായി ബന്ധപ്പെട്ട തർക്കത്തിൽ മേയർ തെരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല.
ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനയുടെ ഇടപെടലിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കത്തെ ആം ആദ്മി പാർട്ടി സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടിയെടുത്തു. ഇതിന് പിന്നാലെയാണ് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.