ഉന്നതർ അയോധ്യയിൽ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂമി
text_fieldsന്യൂഡൽഹി: രാമക്ഷേത്രം നിര്‍മിക്കാൻ സുപ്രീംകോടതി ഉത്തരവുവന്ന 2019 നവംബർ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവിൽ അരുണാചൽ പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കൾ മുതൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ ഉന്നതരും കോർപറേറ്റ് കുത്തകകൾ വരെയുള്ളവരും അയോധ്യയിൽ ഭൂമി വാങ്ങിക്കൂട്ടി. ഇക്കാലയളവിൽ അയോധ്യക്ക് 15 കിലോമീറ്റർ ചുറ്റളവിൽ 2,500 ഭൂമി കൈമാറ്റ രജിസ്ട്രേഷനുകളാണ് നടന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പലരും പിന്നീട് ഭൂമി ഉയർന്ന വിലക്ക് മറിച്ചുവിറ്റ് ലാഭം കൊയ്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദ് മണ്ഡലം ബി.ജെ.പിയിൽനിന്നും ഇൻഡ്യ മുന്നണി പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെ ‘ദ ഇന്ത്യൻ എക്സ്പ്രസ്’ നടത്തിയ അന്വേഷണത്തിലാണ് ബി.ജെ.പിയുമായി ബന്ധമുള്ള ഉന്നതർ അയോധ്യയിലും പരിസരത്തും ഭൂമി വാങ്ങിക്കൂട്ടിയതിന്റെയും വിൽപന നടത്തിയതിന്റെയും കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നത്.
അരുണാചല്‍പ്രദേശ് ഉപമുഖ്യമന്ത്രിയുടെ മക്കളായ ചൗ കാന്‍ സെങ് മേന്‍, ആദിത്യ മേന്‍ എന്നിവര്‍, ക്ഷേത്രം നിർമിച്ച സ്ഥലത്തുനിന്നും എട്ടു കിലോമീറ്റർ അകലെ സരയൂ നദിക്കരയിലായി 2022 സെപ്റ്റംബറിനും 2023 സെപ്റ്റംബറിനും ഇടയില്‍ 3.99 ഹെക്ടര്‍ ഭൂമിയാണ് 3.72 കോടി രൂപക്ക് വാങ്ങിയത്. ഇതിൽ 0.768 ഹെക്ടര്‍ ഭൂമി 98 ലക്ഷം രൂപക്ക് 2023 ഏപ്രില്‍ 25ന് വിൽക്കുകയും ചെയ്തു.
ദേശീയ വനിതാ ഗുസ്തി താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമ കേസിലെ പ്രതിയും ബി.ജെ.പി നേതാവുമായ മുന്‍ എം.പി ബ്രിജ്ഭൂഷണ് സിങ്ങിന്റെ കുടുംബവും സ്ഥലം വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മകൻ കരണ്‍ ഭൂഷണിന്റെ ഉടമസ്ഥതയിലുള്ള നന്ദിനി ഇന്‍ഫ്രാസ്ട്രക്ചര്‍ അയോധ്യക്ക് സമീപം മഹേഷർ പുരില്‍ 2023 ജനുവരിയിൽ 1.15 കോടി രൂപ മുടക്കി 0.97 ഹെക്ടര്‍ ഭൂമിയാണ് വാങ്ങിയത്. ആറ് മാസത്തിനുശേഷം 635.72 സ്ക്വയര്‍ മീറ്റര്‍ ഭൂമി 60.96 ലക്ഷത്തിന് വിൽക്കുകയുമുണ്ടായി.
യു.പി സ്പെഷല്‍ ടാസ്ക് ഫോഴ്സ് ചീഫ് അഡീഷനല്‍ ഡി.ജി.പി അമിതാഭ് യഷ് ഐ.പി.എസിന്റെ മാതാവ് ഗീത സിങ്ങിന്റെ പേരിൽ 2022 ഫെബ്രുവരിക്കും 2024 ഫെബ്രുവരിക്കും ഇടയിൽ ക്ഷേത്രത്തിന് എട്ടുമുതല്‍ 13 കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ള മഹേഷര്പുർ, ദുര്‍ഗാഗഞ്ച്, യദുവംശ്പുർ എന്നിവിടങ്ങളിലായി 9.955 ഹെക്ടര്‍ ഭൂമിയാണ് വാങ്ങിയത്. ഇതിൽ 0.505 ഹെക്ടര്‍ 20.40 ലക്ഷം രൂപക്ക് വിൽപന നടത്തി.
2023 സെപ്റ്റംബറിൽ അദാനി ഗ്രൂപ് ക്ഷേത്ര സമുച്ചയത്തിൽനിന്നും ആറു കിലോമീറ്റർ അകലെ 1.4 ഹെക്ടര്‍ കൃഷി ഭൂമിയാണ് 3.55 കോടിക്ക് വാങ്ങിയത്. മഹാരാഷ്ട്ര മന്ത്രി മംഗൾ പ്രഭാത് ലോധയുടെ മകന്റെ പേരിലുള്ള എച്ച്.ഒ.എ.ബി.എല്‍ കമ്പനി 2023 ജൂണിനും 2024 മാര്‍ച്ചിനും ഇടയില്‍ 17.73 ഹെക്ടര്‍ കൃഷിഭൂമിയും 12,693 സ്ക്വയര്‍ മീറ്റര്‍ പാര്‍പ്പിട ഭൂമിയും വാങ്ങി. സമീപം 7.54 ഹെക്ടര്‍ ഭൂമി കൂടി പിന്നീട് വാങ്ങി. ആകെ 105.39 കോടി രൂപയുടെ ഭൂമി ഇടപാടാണ് കമ്പനി നടത്തിയത്.
യു.പി ബി.ജെ.പി എം.എൽ.എ അജയ് സിങ്ങിന്റെ സഹോദരന് കൃഷ്ണ കുമാര്‍ സിങ്, ഗോസയ്ഗഞ്ച് നഗര്‍ പഞ്ചായത്ത് ബി.ജെ.പി നേതാവ് വിജയ് ലക്ഷ്മി ജയ്സ്വാള്‍, അമേത്തി ജില്ല പഞ്ചായത്ത് ചെയര്പേഴ്സൻ രാജേഷ് അഗ്രഹാരി അടക്കം നൂറുകണക്കിന് രാഷ്ട്രീയക്കാരും ഉയർന്ന ഉദോഗസ്ഥരും ഇത്തരത്തിൽ സ്ഥലം വാങ്ങുകയും വിൽപന നടത്തുകയും ചെയ്തിട്ടുണ്ട്.
കോടികളുടെ ഭൂമി തട്ടിപ്പെന്ന് അഖിലേഷ് യാദവ്
ലഖ്നോ: അയോധ്യയിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടക്കുന്നതായി സമാജ്വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് ആരോപിച്ചു. ഇവിടെ പുറത്തുനിന്നുള്ളവർ ഭൂമി വാങ്ങിക്കൂട്ടുന്നതിൽ സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെ അഖിലേഷ് വിമർശിച്ചു. അരുണാചൽ ഉപമുഖ്യമന്ത്രി മുതൽ യു.പി പ്രത്യേക ദൗത്യ സേന മേധാവിവരെയുള്ളവർ അയോധ്യയിൽ ഭൂമി വാങ്ങിക്കൂട്ടുന്നതായുള്ള പത്രവാർത്ത ഉൾപ്പെടെ ‘എക്സി’ൽ പോസ്റ്റ് ചെയ്തായിരുന്നു അഖിലേഷിന്റെ വിമർശനം. ഇവിടത്തെ ഭൂമിയുടെ അടിസ്ഥാന വില സർക്കാർ ഏഴു വർഷമായി കൂട്ടുന്നില്ല. ഇത് വഴി കോടികളുടെ തട്ടിപ്പാണ് ഭൂമി ഇടപാടിലൂടെ നടക്കുന്നത്. അയോധ്യയിൽ വിശ്വാസികളല്ല, മാഫിയയാണ് ഭൂമി വാങ്ങിക്കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.