ഇതിഹാസം ദ്രൗപദി
text_fieldsന്യൂഡൽഹി: ഗോത്രസമൂഹത്തിൽ നിന്നുള്ള ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദ്രൗപദി മുർമു ചരിത്രത്തിലേക്ക് നടന്നുകയറി. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണക്ക് മുമ്പാകെയാണ് രാജ്യത്തിന്‍റെ 15ാമത് രാഷ്ട്രപതിയായി ആദിവാസി സന്താൾ സമൂഹത്തിൽ നിന്നുള്ള ദ്രൗപദി സത്യപ്രതിജ്ഞ ചെയ്തത്.
ആദ്യമായി രാജ്യത്തിന്‍റെ പരമോന്നത പദവിയിലെത്തുന്ന ആദിവാസിയായ ദ്രൗപദി മുർമു സ്വാതന്ത്ര്യത്തിന് ശേഷം ജനിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി എന്ന നിലയിലും ചരിത്രം കുറിച്ചു. 64കാരിയായ ദ്രൗപദി ഇന്ത്യയുടെ ചരിത്രത്തിൽ രാഷ്ട്രപതി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും രണ്ടാമത്തെ വനിതയുമാണ്. പച്ചയും ചുവപ്പും ബോർഡറുള്ള തൂവെള്ള സാരിയണിഞ്ഞ് സ്ഥാനമൊഴിയുന്ന രാംനാഥ് കോവിന്ദിനൊപ്പം തിങ്ങി നിറഞ്ഞ സെൻട്രൽ ഹാളിലേക്ക് വന്ന അവർ ഭരണഘടനയും നിയമവും സംരക്ഷിക്കുമെന്നും കാത്തുസൂക്ഷിക്കുമെന്നും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തു.
ഹിന്ദിയിലായിരുന്നു പ്രതിജ്ഞ. പ്രതിജ്ഞ വാചകത്തിന് പിന്നാലെ 21 ആചാര വെടി മുഴങ്ങി. തുടർന്ന് നടത്തിയ പ്രസംഗത്തിൽ ദ്രൗപദി ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രപതിമാരുടെ മഹത്തായ പാരമ്പര്യം മുന്നിലുണ്ടെന്നും ഭരണഘടനയുടെ വെളിച്ചത്തിൽ കടമകള്‍ ആത്മാർഥതയോടെ നിര്‍വഹിക്കുമെന്നും വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികത്തില്‍ തന്നെ പുതിയ ഉത്തരവാദിത്തം ഏൽപിച്ചിരിക്കുകയാണെന്നും അമൃതകാലത്തിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കാൻ എല്ലാവരുടെയും പരിശ്രമവും എല്ലാവരുടെയും ഉത്തരവാദിത്തവും ('സബ്കാ പ്രയാസ് ഔര്‍ സബ്കാ കര്‍ത്തവ്യ') എന്ന രണ്ട് വഴികളിലൂടെ മുന്നോട്ടു പോകുമെന്നും അവർ പറഞ്ഞു.
രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഓം ബിർള, കേന്ദ്ര മന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, വിദേശ രാജ്യങ്ങളുടെ സ്ഥാനപതികൾ, പാർലമെന്‍റ് അംഗങ്ങൾ, സിവിൽ, സൈനിക ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് പർലമെന്‍റ് മന്ദിരത്തിൽ നിന്ന് രാഷ്ട്രപതിഭവനിലേക്ക് ആനയിച്ച് ഗാർഡ് ഓഫ് ഓണർ നൽകി.രാഷ്ട്രപതി പദത്തിൽ ദ്രൗപദി മുർമുവിന്‍റെ ഭരണകാലം ഫലപ്രദമായിരിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.