Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജീവിതത്തിനും...

ജീവിതത്തിനും മരണത്തിനുമിടക്ക്​ നടുകടലിൽ ഒമ്പത്​ മണിക്കുർ; ഒാരോരുത്തരായി മരണത്തിലേക്ക്​ താഴുന്നത്​ കണ്ട ഞെട്ടൽ മാറാതെ അനിൽ

text_fields
bookmark_border
ജീവിതത്തിനും മരണത്തിനുമിടക്ക്​ നടുകടലിൽ ഒമ്പത്​ മണിക്കുർ; ഒാരോരുത്തരായി മരണത്തിലേക്ക്​ താഴുന്നത്​ കണ്ട ഞെട്ടൽ മാറാതെ അനിൽ
cancel

മീറ്ററുകളോളം ഉയരത്തിലേക്ക്​ തിരമാലകൾ ഉയർന്നു​ം ഇളകി മറിഞ്ഞും പ്രക്ഷുബ്​ധമായ കടൽ. അറ്റം മുറിയാതെ കാഴ്​ച നീണ്ടുപോകുന്ന അനന്തത ചുറ്റിലും. മരണം വായ്​ തുറന്നു വെച്ചതുപോലെ കലങ്ങി മറഞ്ഞ ആകാശം... ജീവിതത്തിലേക്ക്​ തിരിച്ചു കയറാമെന്ന മോഹത്തിന്​ ഒരു സാധ്യതയുമുണ്ടായിരുന്നില്ല. എന്നിട്ടും ജീവിതത്തിലേക്കും കുടുംബത്തിലേക്കും തിരിച്ചു വരുമെന്ന്​ തന്നെ അദ്ദേഹം കരുതി, നിലയില്ലാ കടലിൽ ഒാളങ്ങൾക്കിടയിൽ കലങ്ങി മറിയുന്നതിനിടെ കൂട്ടുകാരെ അങ്ങനെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ, കൂടെയുള്ള പലരും മരണത്തിലേക്ക്​ താഴ്​ന്നു പോയ ശേഷം അദ്​ഭുതകരായി അ​യാൾ ജീവിതത്തിലേക്ക്​ പിടിച്ചു കയറി വന്നു.

മേയ്​ 17 ന്​ ടൗ​െട്ട ചുഴലിക്കാറ്റിൽ തകർന്നു പോയ ബാർജി​ലുണ്ടായിരുന്ന മഹാരാഷ്​ട്രക്കാരൻ അനിൽ വയ്​ച്ചാലി​െൻറ വിവരണങ്ങൾ ശ്വാസമടക്കി പിടിച്ചേ ആർക്കും കേട്ടിരിക്കാനാകൂ. മരണത്തെ കൺമുമ്പിൽ കണ്ട്​ നടുകടലിൽ പൊങ്ങിയയും താഴ്​ന്നും ഒമ്പത്​ മണിക്കൂറാണ്​ അയാൾ പിടിച്ചു നിന്നത്​.

40 കാരനായ അനിൽ ആഫ്​കോൺസ്​ ഇൻഫ്രസ്​​​െ​ട്രക്​ച്ചറിലെ മെക്കാനിക്കൽ എഞ്ചിനീയറാണ്​. ഒായിൽ ആൻഡ്​ നാച്ചുറൽ ഗ്യാസ്​ കോർപറേഷ​െൻറ (ഒ.എൻ.ജി.സി) കരാറുണ്ടായിരുന്ന ആഫ്​കോൺസി​െൻറ ബാർജ്​ ആണ്​ ടൗ​െട്ട ചുഴലിക്കാറ്റിൽ തകർന്നത്​. അപകട സമയത്ത്​ 261 ആളുകളുണ്ടായിരുന്നു ആ ബാർജിൽ. അതിൽ ​51 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 24 പേരെ കുറിച്ച്​ ഇപ്പോഴും വിവരങ്ങളൊന്നുമില്ല. ഇന്ത്യൻ നേവിയുടെ കപ്പൽ രക്ഷപ്പെടുത്തിയവരിൽ ഒരാളാണ്​ അനിൽ വയ്​ച്ചാൽ.

'ആ ഒമ്പത്​ മണിക്കൂറിന്​ ഒരു ആയുസി​െൻറ നീളമുണ്ടായിരുന്നു​' - ബാർജ്​ തകർന്ന്​ കടലിൽ ഒഴുകിയതിനെ കുറിച്ച്​ അനിൽ പറയുന്നു. 'പ്രതീക്ഷക്ക്​ ഒരു വകയും ഉണ്ടായിരുന്നില്ലെങ്കിലും രക്ഷപ്പെടുമെന്ന്​ തന്നെ എനിക്ക്​ തോന്നി. വെള്ളത്തിൽ മുങ്ങിയും താഴ്​ന്നും ഒഴുകുന്നതിനിടയിലും കൂടെയുള്ളവരെയും അങ്ങനെ വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു.' -അനിൽ തുടർന്നു.

മേയ്​ 17 ന്​ പുലർച്ചെ രണ്ടു മണിയോടെയാണ്​ ബാർജ്​ കാറ്റിലകപ്പെടുന്നത്​. മുങ്ങുന്ന​ ബാർജിൽ നിന്ന്​ കടലിൽ ചാടി രക്ഷപ്പെടുകയല്ലാതെ അതിലുണ്ടായിരുന്നവർക്ക്​ പിന്നീട്​ മറ്റു മാർഗങ്ങളുണ്ടായിരുന്നില്ല. വൈകുന്നേരം അഞ്ചു മണിയോടെയാണ്​ അനിലും കൂടെയുള്ളവരും കടലിലേക്ക്​ ചാടുന്നത്​. പ്രക്ഷുബ്​ധമായ കടലിൽ രക്ഷകരെയും പ്രതീക്ഷിച്ച്​ അവർ ഒഴുകിയത്​ ഒമ്പത്​ മണിക്കൂറാണ്​. അതിനിടയിൽ ചിലർ മരണത്തിന്​ കീഴടങ്ങി. ചിലർ എവിടേക്കെന്നറിയാതെ അപ്രത്യക്ഷമായി.

കടലിൽ ചാടു​േമ്പാൾ ധരിച്ച ലൈഫ്​ ജാക്കറ്റുകളിൽ റിഫ്ലക്​റ്ററുകളുണ്ടായിരുന്നു. കലങ്ങിമറിയുന്ന കടലും കാറ്റും മഴയും ചേർന്ന അന്തരീക്ഷത്തിൽ ആ റിഫ്ലക്​റ്ററുകൾ ആരുടെയും ശ്രദ്ധയിൽ പെടില്ലായിരുന്നു. അതുകൊണ്ട്​ തന്നെ മുന്നും നാലും വീതം ആളുകൾ പരസ്​പരം കൈകോർത്താണ്​ കടലിൽ ഒഴുകാൻ ശ്രമിച്ചത്​. മൂന്നു നാലു പേർ ഒരുമിച്ചുണ്ടാകു​േമ്പാൾ ജാക്കറ്റുകളിലെ റിഫ്ലക്​റ്ററുകൾ മറ്റു കപ്പലുകളുടേയോ രക്ഷാപ്രവർത്തകരുടെ കാഴ്​ചയിൽ തടയുമെന്നവർ കണക്കുകൂട്ടി. എന്നാൽ, പ്രക്ഷുബ്​ധമായ കടൽ അവരെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. ഇൗ ചെറു സംഘങ്ങളെ കടൽ ഇളക്കി തെറിപ്പിച്ചു കൊണ്ടിരുന്നു. വീണ്ടും വീണ്ടും അവർ ഒരുമിച്ച്​ ചേർന്ന്​ കൈ ചേർത്ത്​ പിടിച്ചു. ഒാരോ തവണ കടൽ അവരെ പകുത്തെറിഞ്ഞ ശേഷം അവർ തിരിച്ചു കൂടു​േമ്പാഴും പലരും അതിൽ നിന്ന്​ നഷ്​ടപ്പെട്ടു പോകുന്നുണ്ടായിരുന്നു. അതിൽ പലരും മരണത്തിലേക്ക്​ തന്നെയാണ്​ അപ്പോൾ താഴ്​ന്നു പോയി കൊണ്ടിരുന്നത്​.

പുലർച്ചെ രണ്ടു മണിയോടെ അനിലടക്കമുള്ളവരെ നേവിയുടെ കപ്പലിലുള്ളവർ കണ്ടെത്തു​േമ്പാൾ മരണത്തി​െൻറ വായ്​മുഖത്തായിരുന്നു അവർ. കപ്പലിൽ നിന്നെറിഞ്ഞ വലയിൽ പിടിച്ചു കയറാൻ പോലുമാകാത്ത വിധം അവശരായിരുന്നു പലരും. പിടിച്ചു കയറാനുള്ള ശ്രമത്തിനിടെ താഴേക്കു തന്നെ വീണ പലരും പിന്നീട്​ പൊങ്ങിയതേയില്ല. അനിലി​െൻറ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഇപ്പോഴും കണ്ടെത്താനാകാത്ത ഒരാൾ​ അങ്ങിനെ പിടിച്ചു കയറുന്നതിനിടെ വീണു പോയതായിരുന്നു.

അനിലി​െൻറ പിടിച്ചു കയറാനുള്ള ശ്രമവും പരാജയപ്പെടുന്നുണ്ട്​. ഒടുവിൽ രക്ഷാ വല ദേഹത്തു ചുറ്റി തന്നെ വലിച്ചു കയറ്റാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന്​ അനിൽ പറയുന്നു.

'കുടുംബത്തി​െൻറ പ്രാർഥനയും ദൈവത്തി​െൻറ സഹായവും തുണയായതു കൊണ്ട്​​ എനിക്ക്​ ജീവിതത്തി​േലക്ക്​ തിരിച്ചു കയറാനായി എന്ന ആശ്വാസമുണ്ട്​​. ആ ദിവസം കടലിൽ എന്നെന്നേക്കുമായി അപ്രത്യക്ഷരായവരുടെ കുടുംബത്തോട്​ ഞാനെന്തു പറയും' -അനിൽ വിതുമ്പുന്നു. 'ഞങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിച്ചവരായിരുന്നു, കഥകൾ പറഞ്ഞവരായിരുന്നു, തമാശകൾ പങ്കിട്ടവരായിരുന്നു. കൺമുമ്പിലാണ്​ പലരും മരണത്തിലേക്ക്​ താഴ്​ന്നു പോയത്​. ആയുസിലൊരിക്കലും ഞാനിത്​ മറക്കി​ല്ല, എ​െൻറ കൂട്ടുകാരെയും' -അനിൽ പറഞ്ഞു നിർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life SaveBarge accident
News Summary - the extraordinary story of a barge accident survivor
Next Story