സംഘത്തിനുപിന്നിൽ ലളിത് ഝായാണെന്ന് വിശ്വസിക്കാനാവാതെ കുടുംബം
text_fieldsകൊൽക്കത്ത: പാർലമെന്റിൽ ഭീതിസൃഷ്ടിച്ച സംഘത്തിനുപിന്നിലെ ബുദ്ധികേന്ദ്രം ലളിത് മോഹൻ ഝാ ആണെന്ന വാർത്ത വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് കുടുംബമെന്ന് മൂത്ത സഹോദരൻ ശംഭു ഝാ. എല്ലാവരും വലിയ ആഘാതത്തിലാണ്. എങ്ങനെയാണ് അവൻ ഇതിൽ പെട്ടതെന്നറിയില്ല. പ്രശ്നങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതമാണ് അവന്റേത്.
ചെറുപ്പം മുതലേ ശാന്തനായിരുന്നു. അധികം ആരോടും സംസാരമില്ല. സർക്കാറിത സംഘടനകളുമായി (എൻ.ജി.ഒ) ബന്ധമുണ്ടെന്നറിയാം. സ്വന്തം നിലക്ക് ട്യൂഷനും എടുത്തിരുന്നു. ഇപ്പോൾ വാർത്തകളിൽ അവന്റെ ചിത്രങ്ങൾ വരുന്നത് കാണുമ്പോൾ ഞെട്ടലാണ്-ശംഭു വാർത്താലേഖകരോട് പറഞ്ഞു. ബുധനാഴ്ച രാത്രി മുതൽ ശംഭുവിന്റെ ഫോണിന് വിശ്രമമില്ല. ബന്ധുക്കളും പൊലീസും ഒരുപോലെ തുടരെത്തുടരെ വിളിക്കുകയാണ്.
ഡിസംബർ 10നാണ് ലളിതിനെ അവസാനം കണ്ടതെന്ന് ശംഭു പറഞ്ഞു. അന്ന് ഞങ്ങൾ ജന്മദേശമായ ബിഹാറിലേക്ക് പോവുകയായിരുന്നു. സിയാൽദ സ്റ്റേഷനിൽ ഞങ്ങളെ യാത്രയാക്കാൻ അവൻ വന്നിരുന്നു. അടുത്ത ദിവസം ഞങ്ങളെ വിളിച്ച്, ചില കാര്യങ്ങൾക്കായി ന്യൂ ഡൽഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞു. അന്നാണ് അവസാനമായി സംസാരിച്ചത്. കൊൽക്കത്ത ബുറബസാറിലെ ജനങ്ങളും ഞെട്ടലിലാണ്. അവിടെയും പൊതുകാര്യങ്ങൾക്കൊന്നും നിൽക്കാത്തയാളായിരുന്നു ലളിത്.
പ്രദേശത്ത് ‘ടീച്ചർ’ എന്ന പേരിലാണ് ലളിത് അറിയപ്പെടുന്നത്. ഇവരുടെ കുടുംബം പിന്നീട് നോർത്ത് 24 പർഗാനാസ് ജില്ലയിലേക്ക് മാറിയിരുന്നു. രണ്ടുവർഷംമുമ്പ് ഇവിടം വിട്ടശേഷം ലളിതിനെ പിന്നെ കണ്ടിട്ടില്ലെന്ന് ബുറ ബസാറിൽ ചായക്കട നടത്തുന്ന പപുൻ ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.