കൊല്ലപ്പെട്ട കുക്കികളുടെ കുടുംബാംഗങ്ങൾ അസമിൽ പൊലീസുമായി ഏറ്റുമുട്ടി
text_fieldsഗുവാഹതി: മണിപ്പൂരിലെ ജിരിബാം ജില്ലയിൽ സി.ആർ.പി.എഫുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുക്കികളുടെ കുടുംബാംഗങ്ങൾ അസം പൊലീസുമായി ഏറ്റുമുട്ടി. മൃതദേഹങ്ങൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ടായിരുന്നു സംഘർഷം. അസമിലെ സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് പുറത്തായിരുന്നു സംഭവം. കുക്കികൾ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ചതിനെ തുടർന്നുണ്ടായ പ്രത്യാക്രമണത്തിൽ 10 പേരാണ് കൊല്ലപ്പെട്ടത്.
മൃതദേഹങ്ങൾ മണിപ്പൂർ പൊലീസിന് കൈമാറിയശേഷം അവരുമായി ഇക്കാര്യം ചർച്ച ചെയ്യാൻ അസം പൊലീസ് നിർദേശിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പരിക്കേറ്റവരിൽ നാല് മാധ്യമപ്രവർത്തകരും ഉൾപ്പെടും.
പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഒടുവിൽ, മണിപ്പൂർ പൊലീസിൽനിന്ന് മൃതദേഹങ്ങൾ ഏറ്റുവാങ്ങാമെന്ന് കുടുംബാംഗങ്ങൾ സമ്മതിച്ചതോടെയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്. മണിപ്പൂരിലെയും അസമിലെയും പൊലീസുകാർ ചേർന്ന് മൃതദേഹങ്ങൾ വിമാനമാർഗം മണിപ്പൂരിലെ ചുരാചന്ദ്പൂരിലെത്തിച്ചു.
അതിനിടെ, നദിയിൽനിന്ന് കണ്ടെത്തിയ രണ്ട് കുട്ടികളുടെയും സ്ത്രീയുടെയും മൃതദേഹം സിൽചാറിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തി. മൂന്ന് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് ജിരിബാമിൽനിന്ന് കാണാതായത്. ബാക്കി മൂന്നുപേരുടെയും മൃതദേഹങ്ങൾ ലഭിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.