ദലിത് എം.എൽ.എയെ വിവാഹം ചെയ്ത ബ്രാഹ്മണ പെൺകുട്ടിയുടെ പിതാവ് ആത്മഹത്യക്കു ശ്രമിച്ചു
text_fieldsചെന്നൈ: ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്ത ദലിത് സമുദായംഗമായ എം.എൽ.എക്കെതിരെ ഹൈകോടതിയിൽ ഹരജി. അണ്ണാ ഡി.എം.കെ കള്ളക്കുറിച്ചി എം.എൽ.എ എ. പ്രഭു, കോളജ് വിദ്യാർഥിനിയായ തെൻറ മകൾ സൗന്ദര്യ(19)യെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചതായാണ് ക്ഷേത്ര പൂജാരി എസ്. സ്വാമിനാഥൻ ഹരജി നൽകിയത്. വിവാഹവിവരമറിഞ്ഞ് സ്വാമിനാഥൻ പ്രഭുവിെൻറ വീടിനു മുന്നിൽവെച്ച് െപേട്രാൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമുണ്ടായി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
36കാരനായ പ്രഭുവുമായുള്ള പ്രണയബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർ എതിരായിരുന്നു. തിങ്കളാഴ്ച പുലർെച്ച പ്രഭുവിെൻറ വീട്ടിൽവെച്ചായിരുന്നു വിവാഹം. സൗന്ദര്യയെ വിവാഹം കഴിക്കുന്നതിന് അനുമതി ചോദിച്ച് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നുെവങ്കിലും സ്വാമിനാഥൻ എതിർത്തിരുന്നുവെന്ന് പ്രഭു പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് താൻ വീട്ടിൽനിന്ന് ഇറങ്ങിയതെന്ന് രണ്ടാം വർഷ ബി.എ വിദ്യാർഥിനിയായ സൗന്ദര്യയും പറഞ്ഞു.
എം.എൽ.എ മകളെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയെന്നാണ് പിതാവിെൻറ പരാതിയിൽ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മദ്രാസ് ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജിയാണ് സമർപ്പിച്ചത്. എം.എൽ.എക്കെതിരെ നൽകിയ പരാതി രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായില്ലെന്നും പറയുന്നു. ഹരജി ബുധനാഴ്ച പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.