സംഘ് പരിവാറിനെതിരായ പോരാട്ടം തുടരണം -ഡോ. രാം പുനിയാനി
text_fieldsമുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന പ്രതീക്ഷകളെ മുൻനിർത്തി മോദി ഭാരതത്തെ തടുക്കാൻ ഇൻഡ്യ മുന്നണിക്ക് കഴിയുമെന്നും സംഘ് പരിവാറിനെതിരായ പോരാട്ടം തുടരാൻ ജനാധിപത്യ മതനിരപേക്ഷ ശക്തികൾ തയാറാകണമെന്നും പ്രമുഖ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ രാം പുനിയാനി പറഞ്ഞു. മുംബൈ ഏക്കേഴ്സ് ക്ലബിൽ നടന്ന യൂത്ത് ലീഗ് ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ ‘മോദിയുടെ മൂന്നാം വരവ് ആശങ്കകളും അതിജീവനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലൂടെ ഹിന്ദു രാഷ്ട്ര പ്രഖ്യാപനം എന്ന ആർ.എസ്.എസിെന്റ ആത്യന്തിക ലക്ഷ്യം നേടുന്നതിൽ നിന്ന് അവരെ തടയാൻ ഇൻഡ്യ മുന്നണിക്ക് കഴിഞ്ഞിരിക്കുന്നു. ചുരുങ്ങിയ കാലംകൊണ്ട് മുന്നണി ഇത്രയധികം നേട്ടമുണ്ടാക്കിയത് ശുഭസൂചനയാണ്.
പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ഇതേപോലെ നിലനിർത്താനായാൽ ഭരണഘടനക്ക് നേരെയുള്ള വെല്ലുവിളികളെ ശാശ്വതമായി പ്രതിരോധിക്കാനാകും. മുസ്‍ലിം സമുദായത്തിനെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ബാധ്യത പൊതുസമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി അധ്യക്ഷത വഹിച്ചു. ടി.പി. അഷ്‌റഫലി, സർഫറാസ് അഹമ്മദ്, സി.കെ ശാക്കിർ, തൗസീഫ് ഹുസൈൻ റിസ, പി.പി അൻവർ സാദത്ത്, അഡ്വ. അസ്ഹറുദ്ദീൻ ചൗധരി, ആഷിക് ചെലവൂർ, സാജിദ് നടുവണ്ണൂർ, മുഫീദ തസ്‌നി, അഡ്വ. നജ്മ തബ്ഷീറ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, മുസ്‌ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന ട്രഷറർ സി.എച്ച് ഇബ്രാഹിം കുട്ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.