ആളിക്കത്തുന്ന തീയിലകപ്പെട്ട് വയോധിക, അമ്മയെ ഒറ്റക്കാക്കി രക്ഷപ്പെടില്ലെന്ന് മകൻ; ഒടുവിൽ ഒരുമിച്ച് മരണം...
text_fieldsമുംബൈ: ആളിക്കത്തുന്ന തീയിൽനിന്ന് രോഗിയായ അമ്മയെ ഒറ്റക്കാക്കി രക്ഷപ്പെടാൻ ധിരേൻ ഷാ (60) തയാറായില്ല. ഗിർഗാവോണിലെ തന്റെ ഫ്ലാറ്റിൽ തീപിടിച്ചപ്പോൾ അമ്മ നളിനി (80)യെ രക്ഷപ്പെടുത്തിയിട്ടേ വരൂ എന്നുപറഞ്ഞ് ധിരേൻ തീ ആളിക്കത്തുന്ന മുറിയിലേക്ക് പോവുകയായിരുന്നു. ആശുപത്രിയിൽനിന്ന് ചികിത്സ കഴിഞ്ഞ് ഈയിടെ തിരിച്ചെത്തിയ നളിനി ശയ്യാവലംബിയായിരുന്നു. അമ്മയെ ഏതുവിധേനയും രക്ഷിക്കാനുറച്ച ധിരേൻ ജീവൻ പണയംവെച്ചാണ് ആളിക്കത്തുന്ന തീയെ അവഗണിച്ച് മുകൾനിലയിലേക്ക് പോയത്. എന്നാൽ, വയോധികയായ അമ്മക്കൊപ്പം സ്നേഹനിധിയായ ആ മകന്റെയും ജീവൻ അഗ്നിനാളങ്ങൾ കവരുകയായിരുന്നു.
ജെതാഭായ് ബിൽഡിങ്ങിന്റെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആറംഗ കുടുംബം ചികിത്സയിലുള്ള നളിനിയെ സന്ദർശിക്കാൻ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചുവരുത്തിയ സമയത്താണ് സംഭവം നടന്നത്. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരോട് പുറത്തേക്ക് ഓടാൻ ആവശ്യപ്പെടുകയും അമ്മയെ താൻ രക്ഷപ്പെടുത്തുമെന്നും പറഞ്ഞാണ് ഹിരേൻ ബിൽഡിംഗിന്റെ മൂന്നാം നിലയിലേക്ക് പോയത്. ഞായറാഴ്ച പുലർച്ചെ നാല് മണി വരെ അഗ്നിശമന പ്രവർത്തനങ്ങൾ തുടർന്നെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല.
എന്നാൽ, 30 മിനിറ്റോളം വൈകിയാണ് ഫയർ എഞ്ചിനുകൾ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. തീപിടിത്തം റിപ്പോർട്ട് ചെയ്ത് 15-20 മിനിറ്റിനുള്ളിൽ തങ്ങളുടെ സംഘം സ്ഥലത്തെത്തിയെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തീ കെട്ടിടത്തിന്റെ മൂന്ന് നിലകളിലേക്കും പടർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഹിരേന്‍റെ മൂന്ന് ആൺമക്കളിൽ ഒരാൾ മൂന്നാം നിലയിലെ അപ്പാർട്ട്മെന്റിൽ നിന്ന് പൈപ്പുകളിലൂടെ ഊർന്നിറങ്ങിയാണ് രക്ഷപ്പെട്ടത്. കുടുംബത്തിലെ മറ്റ് മൂന്ന് അംഗങ്ങൾ തൊട്ടടുത്ത് നിർമാണത്തിലിരിക്കുന്ന ബഹുനിലകെട്ടിടത്തിലേക്ക് മരപ്പലകകൾ ചാരിവെച്ച് ഉപയോഗിച്ചും രക്ഷപ്പെടുകയായിരുന്നു. കെട്ടിടത്തിന്റെ തടികൊണ്ടുള്ള ഗോവണിപ്പടിയിലും തീപിടിച്ചതിനാൽ അവിടെ നിന്ന് പുറത്ത് കടക്കൽ ശ്രമകരമായിരുന്നെന്ന് രക്ഷപ്പെട്ട ഹിരേന്‍റെ കുടുംബാംഗങ്ങൾ പറഞ്ഞു. തീപിടുത്തത്തിന്‍റെ കാരണം വ്യക്തമാവാത്ത സാഹചര്യത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.