ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യദിനം പുതിയ പാർലമെന്‍റ് മന്ദിരത്തിൽ
text_fieldsന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യദിനം ലോക്സഭ, രാജ്യസഭാംഗങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്ന പതിവു ചടങ്ങ് പുതിയ പാർലമെന്‍റ് മന്ദിരത്തിൽ നടത്തിയേക്കും. നിർമാണപ്രവർത്തനങ്ങൾ നിശ്ചയിച്ചതിനെക്കാൾ വൈകുന്നതിനാൽ രാഷ്ട്രപതിയുടെ അഭിസംബോധന കഴിഞ്ഞുള്ള ദിവസങ്ങളിലെ സമ്മേളനം പഴയ മന്ദിരത്തിൽ തന്നെ നടക്കും.
സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടെ പുതിയ പാർലമെന്‍റ് മന്ദിരം പൂർത്തിയാക്കാനാണ് സർക്കാർ തുടക്കത്തിൽ പരിപാടിയിട്ടത്. എന്നാൽ വർഷകാല, ശീതകാല സമ്മേളനങ്ങൾക്കു പുറമെ ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടത്തിലും പുതിയ മന്ദിരത്തിൽ ഇരുസഭകളുടെയും സമ്മേളനം നടത്താനായില്ല. തിരക്കിട്ടു നടക്കുന്ന പണികൾ തീർന്നാൽ രണ്ടാംഘട്ട ബജറ്റ് സമ്മേളനം പുതിയ മന്ദിരത്തിലാക്കും. കാലതാമസം പ്രതിച്ഛായയെ ബാധിക്കാതിരിക്കാനാണ് രാഷ്ട്രപതിയുടെ അഭിസംബോധന മാത്രമെങ്കിലും പുതിയ മന്ദിരത്തിൽ നടത്താൻ ഒരുങ്ങുന്നത്.
ഈ മാസം 31നാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ അഭിസംബോധനയോടെ ബജറ്റ് സമ്മേളനം തുടങ്ങുന്നത്. പുതിയ മന്ദിരത്തിൽ സെൻട്രൽ ഹാൾ ഇല്ലാത്തതിനാൽ ഇരുസഭകളിലെയും അംഗങ്ങളെ രാഷ്ട്രപതി അഭിസംബോധന ചെയ്യുന്നത് കൂടുതൽ സ്ഥലസൗകര്യമുള്ള ലോക്സഭ ഹാളിലാവും. ഇതിനായി ധിറുതിയിൽ പണി നടക്കുകയാണ്. ബജറ്റ് ഫെബ്രുവരി ഒന്നിനാണ്. ഫെബ്രുവരി 14 വരെയാണ് ആദ്യഘട്ടം. മാർച്ച് 12ന് തുടങ്ങുന്ന രണ്ടാം ഘട്ടം ഏപ്രിൽ ആറു വരെ നീളും.
പുതിയ പാർലമെന്‍റിലേക്ക് എം.പിമാർക്കായി സ്മാർട്ട് ഐഡന്‍റിറ്റി കാർഡുകൾ ലോക്സഭ സെക്രട്ടേറിയറ്റ് തയാറാക്കിത്തുടങ്ങിയിട്ടുണ്ട്. പുതിയ കാർഡിൽ നൂതന സുരക്ഷ പരിശോധന സംവിധാനങ്ങളുണ്ട്. പുതിയ മന്ദിരത്തിൽ മുഖം തിരിച്ചറിഞ്ഞ് പ്രവേശനം നൽകുന്ന സ്മാർട്ട് കാമറ സജ്ജീകരണവും ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.