ട്വിറ്ററിനെതിരെ കേസുകളുടെ പ്രവാഹം
text_fieldsലഖ്നോ: ജമ്മു-കശ്മീരിനെയും ലഡാക്കിനെയും പ്രത്യേക രാജ്യങ്ങളായി കാണിക്കുന്ന മാപ് പ്രസിദ്ധീകരിച്ചതിന് ട്വിറ്ററിനെതിരെ ഉത്തർപ്രദേശിൽ കേസ്. ട്വിറ്ററിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മധ്യപ്രദേശ് സർക്കാറും രംഗത്തെത്തി. ഇതിനു പുറമെ, കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണിെച്ചന്നാരോപിച്ച് ഡൽഹി പൊലീസും ട്വിറ്ററിനെതിരെ കേസെടുത്തിട്ടുണ്ട്.
ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരിക്കും മറ്റൊരുന്നത ഉദ്യോഗസ്ഥ അമൃത ത്രിപാഠിക്കും എതിരെയാണ് യു.പിയിൽ പരാതി നൽകിയത്. സംഭവം വിവാദമായതിനെ തുടർന്ന് ട്വിറ്റർ മാപ് നീക്കിയിരുന്നു.
ഇന്ത്യയിൽനിന്ന് വേറിട്ടുള്ള പ്രദേശങ്ങളായി കശ്മീരിനെയും ലഡാക്കിനെയും ട്വിറ്ററിൽ ചിത്രീകരിെച്ചന്നും ഇതു ഭാരതീയരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും കാണിച്ച് ബുലന്ദ്ശഹറിലെ ബജ്റങ്ദൾ നേതാവാണ് പരാതി നൽകിയത്. ഐ.പി.സി സെക്ഷൻ 505 (2), ഐ.ടി ആക്ടിലെ 74ാം വകുപ്പ് എന്നിവ പ്രകാരം ബുലന്ദ്ശഹർ പൊലീസ് കേസെടുത്തു.
''ട്വിറ്റർ എപ്പോഴും രാജ്യത്തിെനതിരെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ചിലപ്പോൾ ഭാരത് മാതയെ അധിക്ഷേപിക്കുന്നു. മറ്റു ചിലപ്പോൾ രാജ്യത്തിെൻറ തെറ്റായ മാപ് നൽകുന്നു. ഇതു ലളിതമായി കാണാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കഴിയില്ല'' -മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ഭോപാലിൽ പറഞ്ഞു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ട്വിറ്ററിൽ ലഭ്യമാകുന്നതിനെതിരെ എന്തുെകാണ്ടാണ് നടപടിയെടുക്കാതിരിക്കുന്നത് എന്നു ചോദിച്ച് ദേശീയ ബാലാവകാശ കമീഷൻ ഡൽഹി പൊലീസിന് കത്തയച്ചിരുന്നു. ഇതിനെതുടർന്നാണ് പുതിയ നടപടി.
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമീഷെൻറ പരാതിയെ തുടർന്നാണ് ഡൽഹി പൊലീസിെൻറ സൈബർ സെൽ കേസ് രജിസ്റ്റർ ചെയ്തത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കുന്ന ഉള്ളടക്കമുള്ള അശ്ലീല വിഡിയോ ട്വിറ്ററിൽ തുടർച്ചയായി പോസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് പരാതിയിൽ പറഞ്ഞു. നേരത്തേ രണ്ടുവട്ടം പരാതി ഉന്നയിച്ച കമീഷൻ, സൈബർ സെല്ലിലെ മുതിർന്ന ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഐ.ടി ചട്ടങ്ങൾ പൂർണമായി പാലിച്ചില്ലെന്ന കാരണത്താൽ ട്വിറ്ററിന് ഇപ്പോൾ നിയമ പരിരക്ഷയില്ല. ഏതൊരാളും ട്വിറ്ററിൽ പോസ്റ്റ് നിയമവിരുദ്ധമായ ഉള്ളടക്കം മുൻനിർത്തി ട്വിറ്ററിനെതിരെയും കേസെടുക്കാം.
പോസ്റ്റുകളിലെ ഉള്ളടക്കം മുൻനിർത്തിയുളള നിയമനടപടികളിൽനിന്ന് സമൂഹമാധ്യമങ്ങൾക്ക് പരിരക്ഷ നൽകുന്ന വ്യവസ്ഥക്ക് പുറത്തായതോടെ ഒന്നിനു പിറകെ ഒന്നായി ട്വിറ്ററിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതാണ് കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.