ഇൻഡ്യ മുന്നണിയുടെ അടിത്തറ ജനങ്ങളുടെ വിശ്വാസം -ഖാർഗെ
text_fieldsന്യൂഡൽഹി: ജനങ്ങളുടെ വിശ്വാസമാണ് ഇൻഡ്യ മുന്നണിയുടെ അടിത്തറയെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ശനിയാഴ്ച ഡൽഹിയിൽ ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിനെതിരെയുള്ള ജനവിധിയാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ കണ്ടത്.
ഭാരത് ജോഡോ യാത്ര ചെന്നിടങ്ങളിലെല്ലാം കൃത്യമായ മാറ്റം ദൃശ്യമാണ്. അവിടെയെല്ലാം പാർട്ടിയുടെ വോട്ടുശതമാനവും ലഭിച്ച സീറ്റുകളുടെ എണ്ണവും ഉയർന്നു. മണിപ്പൂരിൽ രണ്ടുസീറ്റുകളും നേടാനായി. നാഗാലാൻഡ്, അസം, മേഘാലയ എന്നിവിടങ്ങളിൽ നേട്ടമുണ്ടാക്കി.
മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ആളുകൾ കോൺഗ്രസിനൊപ്പം നിന്നതിന്റെ ഫലമാണിത്. പട്ടികജാതി-പട്ടികവർഗ മണ്ഡലങ്ങളിലും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്കിടയിലും വിദൂര മേഖലകളിലും ഇത്തവണ വോട്ടുയർത്താനായി. മുന്നോട്ടുള്ള ദിവസങ്ങളിൽ നഗരമേഖലകളിലും കോൺഗ്രസ് ശക്തമാക്കണമെന്ന് ഖാർഗെ പറഞ്ഞു.
തിരിച്ചുവരവ് ആഘോഷിക്കുമ്പോഴും പ്രതീക്ഷക്കും കഴിവിനുമൊത്ത് പ്രകടനം നടത്താനാവാത്ത സംസ്ഥാനങ്ങളെ മറന്നുകൂടാ. നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം നടത്തിയ ചില സംസ്ഥാനങ്ങളിൽ ഇക്കുറി അത് ആവർത്തിക്കാനായില്ല. അങ്ങനെയുള്ള സംസ്ഥാനങ്ങളെ പ്രത്യേകമായി ചർച്ച ചെയ്യും. മാറ്റങ്ങൾ വരുത്തും. ഇൻഡ്യ സഖ്യത്തിലെ ഘടകകക്ഷികൾ പ്രതീക്ഷക്കൊത്തുള്ള പ്രകടനം കാഴ്ചവെച്ചുവെന്നും ഖാർഗെ പറഞ്ഞു.
സഖ്യം തുടരണമെന്നാണ് തീരുമാനം. പാർലമെന്റിലും പുറത്തും ഘടകകക്ഷികളുമായി ചേർന്ന് നിൽക്കും. രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചാണ് ഇൻഡ്യ സഖ്യം തെരഞ്ഞെടുപ്പിനിറങ്ങിയത്. അവ ഇനിയും ഉന്നയിക്കുന്നത് തുടരും. സഖ്യം കെട്ടിപ്പടുക്കുന്നത് ജനങ്ങളർപ്പിച്ച വിശ്വാസത്തിലാണെന്നും ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.