ബഹാനഗയിലേത്; നാലാമത്തെ വലിയ ട്രെയിനപകടം
text_fieldsന്യൂഡൽഹി: ഒഡിഷയിലെ ബഹാനാഗയിൽ വെള്ളിയാഴ്ചയുണ്ടായത് രാജ്യചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിലൊന്ന്. മരണസംഖ്യ കണക്കിലെടുത്താൽ നാലാമത്തെ വലിയ അപകടമാണിത്. നിരവധി പേർ ഗുരുതരാവസ്ഥയിൽ ഉള്ളതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
1981 ജൂൺ ആറിന് ബിഹാറിൽ പാസഞ്ചർ ട്രെയിൻ പാളംതെറ്റി ബാഗ്മതി നദിയിൽ വീണ് 800ലേറെ പേരാണ് മരിച്ചത്. നിറയെ യാത്രക്കാരുമായി മാൻസിയിൽനിന്ന് സഹർസയിലേക്ക് പോയ ട്രെയിനിന്റെ ഒമ്പതിൽ ഏഴു ബോഗികളും നദിയിൽ വീണു. നാലു വിവാഹ സംഘങ്ങൾ ഈ ട്രെയിനിൽ ഉണ്ടായിരുന്നു.
1995 ആഗസ്റ്റ് 20ന് ഉത്തർപ്രദേശിലെ ഫിറോസാബാദിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 350ലേറെ പേർ മരിച്ചു. പുലർച്ച 2.55നായിരുന്നു ഈ അപകടം. 1999ൽ ആഗസ്റ്റ് രണ്ടിന് പശ്ചിമബംഗാളിലെ ഗൈസലിൽ ബ്രഹ്മപുത്ര മെയിൽ അവധ് അസം എക്സ്പ്രസുമായി കൂട്ടിയിടിച്ച് 300ലേറെ പേർ മരിച്ചു. 1988 ജൂലൈ എട്ടിന് കൊല്ലം ജില്ലയിലെ പെരിനാടിനടുത്തുള്ള പെരുമൺ പാലത്തിൽനിന്ന് ബാംഗ്ലൂർ -കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് പാളംതെറ്റി അഷ്ടമുടിക്കായലിൽ വീണ് 105 പേർ മരിച്ചതാണ് കേരളത്തിലുണ്ടായ ഏറ്റവും വലിയ ട്രെയിനപകടം.
അപകടകാരണം ചുഴലിക്കാറ്റാണെന്ന് വിശദീകരിച്ചിട്ടുണ്ടെങ്കിലും യഥാർഥ കാരണം സംബന്ധിച്ച് അവ്യക്തതയുണ്ട്. 2001 ജൂൺ 22ന് കോഴിക്കോട് കടലുണ്ടിയിൽ മദ്രാസ് മെയിൽ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 52 പേർ മരിക്കുകയും 222 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഴക്കമുള്ള പാലത്തിന്റെ തൂണ് തകർന്നാണ് അപകടമെന്നാണ് കരുതുന്നത്.
1998 നവംബർ 26ന് ജമ്മു താവി-സീൽദ എക്സ്പ്രസ് ഫ്രോണ്ടിയർ ഗോൾഡൻ ടെംപ്ൾ മെയിലിന്റെ പാളം തെറ്റിയ മൂന്നു കോച്ചുകളിലിടിച്ച് 212 പേർ മരിച്ചു. 1950 ഏപ്രിൽ 12ന് കുമയോൺ എക്സ്പ്രസ് പാളംതെറ്റി നദിയിൽ വീണ് 50 പേർ മരിച്ചതാണ് രാജ്യംകണ്ട ആദ്യത്തെ പ്രധാന ട്രെയിൻ അപകടം. തൊട്ടടുത്ത മാസത്തിൽ ബിഹാറിൽ ട്രെയിൻ പാലത്തിൽനിന്ന് മറിഞ്ഞ് 81 പേർ മരിച്ചു. തുടർന്ന പലഘട്ടങ്ങളിലായി കനത്ത ആൾനാശമുണ്ടായ നിരവധി അപകടങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായി.
ട്രെയിനുകൾ കൂട്ടിയിടിച്ചും പാളം തെറ്റി മറിഞ്ഞും പാലത്തിൽനിന്ന് നദിയിലേക്ക് വീണുമാണ് കൂടുതലും അപകടങ്ങളുണ്ടായത്. സിഗ്നൽ സംവിധാനത്തിലെ പിഴവായിരുന്നു മിക്കവാറും കൂട്ടിയിടികൾക്ക് കാരണമായത്.
1954 മാർച്ച് 31ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിനടുത്ത് പാസഞ്ചർ ട്രെയിനിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോയത് പൊട്ടിത്തെറിച്ച് 31 പേർ മരിച്ചതും 2014 ജൂലൈ 23ന് നാന്ദേഡ്-സെക്കന്ദരാബാദ് പാസഞ്ചർ ട്രെയിൻ മസായ്പേട്ട് ഗ്രാമത്തിൽ ആളില്ലാ ലെവൽ ക്രോസിൽ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് 20 പേർ മരിച്ചതും 1964 ഡിസംബർ 23ന് രാമേശ്വരം ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ഒലിച്ചുപോയി 126 മരിച്ചതുമാണ് മറ്റു രീതിയിലുള്ള പ്രധാന അപകടങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.