കുറച്ചു; ഇനി ഇളവില്ല, കേന്ദ്രം കുറച്ച നികുതിയിൽ സംസ്ഥാനങ്ങൾക്ക് ആനുപാതിക നഷ്ടമില്ലെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറും പ്രതിപക്ഷ സംസ്ഥാനങ്ങളും തർക്കിച്ചുനിൽക്കുന്നതിനിടയിൽ ഇന്ധനവിലയിൽ ഉപയോക്താക്കൾക്ക് കൂടുതൽ ഇളവ് ലഭിക്കാൻ സാധ്യത മങ്ങി. ഇതിനകം പ്രഖ്യാപിച്ചതിനേക്കാൾ കൂടുതൽ ഇളവ് അനുവദിക്കാൻ കഴിയില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സംസ്ഥാന നികുതി കുറക്കാൻ പറ്റില്ലെന്ന് തമിഴ്നാട്. കേന്ദ്രത്തിന്റെ അഭ്യർഥന പരിഗണിക്കുമെന്ന് കർണാടക അടക്കം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ. കേരളത്തിനൊപ്പം പ്രതിപക്ഷ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും രാജസ്ഥാനും നികുതി കുറച്ചു.
അതേസമയം, കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എക്സൈസ് തീരുവ ഇളവ് കണ്ണിൽപൊടിയിടൽ മാത്രമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. അതിന്റെ വിശദാംശങ്ങൾ രാഹുൽ ഗാന്ധിയും മറ്റു കോൺഗ്രസ് നേതാക്കളും ട്വിറ്ററിൽ വിശദീകരിച്ചു. മോദി സർക്കാർ അധികാരമേറ്റ 2014ലെ നിരക്കിലേക്ക് തീരുവ കുറക്കുമ്പോൾ മാത്രമാണ് സർക്കാർ നടപടി ആത്മാർഥമാകുന്നതെന്ന് പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. മോദിസർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10.42 രൂപയും ഡീസലിന്റേത് 12.23 രൂപയുമായിരുന്നു. കഴിഞ്ഞ ദിവസം കുറച്ചതിനുശേഷവും പെട്രോളിന്റെ എക്സൈസ് തീരുവ 19.90 രൂപയും ഡീസലിന്റേത് 15.80 രൂപയുമാണെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജൻ പറഞ്ഞു. കേന്ദ്രം ഭാഗികമായി മാത്രമാണ് നികുതി കുറച്ചത്. സംസ്ഥാനങ്ങൾ കുറക്കണമെന്ന് പറയുന്നത് ന്യായമല്ല. നികുതി കൂട്ടുമ്പോൾ ഒരിക്കൽപോലും കേന്ദ്രം സംസ്ഥാനങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേന്ദ്രം പ്രഖ്യാപിച്ച എക്സൈസ് തീരുവ ഇളവ് മൂലമുള്ള വരുമാനനഷ്ടം കേന്ദ്ര ഖജനാവിനു മാത്രമാണെന്ന് വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രവും സംസ്ഥാനങ്ങളും പങ്കുവെക്കുന്ന അടിസ്ഥാന എക്സൈസ് തീരുവയല്ല, അധിക എക്സൈസ് തീരുവയാണ് കുറച്ചത്. ഈ തീരുവയിൽ കുറവു വരുത്തിയാൽ കേന്ദ്രത്തിനു മാത്രമാണ് നഷ്ടം; സംസ്ഥാനങ്ങൾക്കില്ല.
അടിസ്ഥാന എക്സൈസ് തീരുവയിൽ 59 ശതമാനം കേന്ദ്രത്തിനും 41 ശതമാനം സംസ്ഥാനങ്ങൾക്കുമാണ്. ഈ നികുതി കുറച്ചാൽ ആനുപാതികമായ വരുമാനനഷ്ടം സംസ്ഥാനങ്ങൾക്കും ഉണ്ടാകും. തീരുവ കുറച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തോടെ ഇതുസംബന്ധിച്ച അവ്യക്തത നീങ്ങിയതായി മുൻ ധനമന്ത്രി പി. ചിദംബരവും വിശദീകരിച്ചു. കുറച്ചത് അധിക എക്സൈസ് നികുതിയാണ്.
സംസ്ഥാനതലത്തിൽ ഈടാക്കുന്ന ഇന്ധന 'വാറ്റ്' നികുതി വരുമാനം ഉപേക്ഷിക്കുന്നത് താങ്ങാൻ സംസ്ഥാനങ്ങൾക്കു കഴിയില്ലെന്ന് മുൻ ധനമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങൾ ചെകുത്താനും കടലിനും ഇടയിലാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഇളവ് പെട്രോളിന് 8.69 രൂപ; ഡീസലിന് 7.05 രൂപ
പെട്രോളിനും ഡീസലിനും കേന്ദ്രസർക്കാർ നൽകുന്ന എക്സൈസ് തീരുവ ഇളവ് ഇങ്ങനെ: പെട്രോൾ ലിറ്ററിന് 8.69 രൂപ; ഡീസൽ 7.05 രൂപ. ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത് യഥാക്രമം എട്ടും ആറും രൂപയാണ്. അനുബന്ധ ഇളവുകൾകൂടി ചേർക്കുമ്പോഴാണ് ഇളവ് നിരക്ക് അതിനേക്കാൾ ഉയരുന്നത്. ഓരോ സംസ്ഥാനത്തും വാറ്റും മറ്റു പ്രാദേശിക നികുതികളുമുണ്ട്. അതുകൊണ്ട് ഓരോ സംസ്ഥാനത്തും ഇന്ധനവില വ്യത്യസ്തമാണ്.
പെട്രോൾ, ഡീസൽ വില: നികുതി ഇളവ് സംസ്ഥാനങ്ങളിൽ
കേരളം: പെട്രോൾ 2.41 രൂപ, ഡീസൽ 1.36
മഹാരാഷ്ട്ര: പെട്രോൾ 2.08, ഡീസൽ 1.44
രാജസ്ഥാൻ: പെട്രോൾ: 2.48, ഡീസൽ 1.16
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.